തൃശ്ശൂർ: ഒല്ലൂർ നിയോജക മണ്ഡലത്തിലെ ആദിവാസി കോളനികളിലെ ഓൺലൈൻ പഠനം ദ്രുതഗതിയിൽ പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. നെറ്റ് വർക്ക് ലഭ്യമല്ലാത്ത മേഖലകളിൽ ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിക്കുന്നതിനായി എം എൽ എ ഫണ്ടിൽ നിന്ന് പ്രത്യേക തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ബ്ലോക്ക് പഞ്ചായത്തിലെ മാടക്കത്തറ, നടത്തറ, പുത്തൂർ, പാണഞ്ചേരി ഗ്രാമ പഞ്ചായത്തുകളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി. കൃത്യമായ രീതിയിൽ ആരോഗ്യ വിഭാഗത്തിന്റെയും പഞ്ചായത്തിന്റെയും ഇടപെടലിലൂടെ രണ്ടാം കോവിഡ് തരംഗം പിടിച്ചുകെട്ടാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
2021-22 അധ്യായന വർഷത്തിൽ ഒല്ലൂർ നിയോജക മണ്ഡലത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികളുടെ കണക്ക് പഞ്ചായത്തുകൾ കൃത്യമായി ശേഖരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഇതിനാവശ്യമായ നടപടികൾ അതാത് മേഖലയിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്വീകരിക്കണം.
മണ്ഡലത്തിലെ ഏഴ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും രണ്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും മന്ത്രി വിലയിരുത്തി. കേരള സർക്കാരിന്റെ 100 ദിന പരിപാടിയിലുൾപ്പെടുത്തി കൃഷി വകുപ്പ് നടപ്പിലാക്കുന്ന “ഓണത്തിന് ഒരു മുറം പച്ചക്കറി ” പദ്ധതിയുടെ ഒല്ലൂക്കര ബ്ലോക്ക് തല ഉദ്ഘാടനം ഓഫീസ് പരിസരത്ത് മന്ത്രി നിർവ്വഹിച്ചു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ഉണ്ണികൃഷ്ണൻ, പി.പി.രവീന്ദ്രൻ, ശ്രീവിദ്യ രാജേഷ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.