ഇടുക്കി: സഹോദരനും നാല് സുഹൃത്തുക്കളും ചേര്‍ന്ന് 14 കാരിയെ പീഡിപ്പിച്ചെന്ന വാര്‍ത്ത കളളക്കഥയെന്ന് പെണ്‍കുട്ടി. 2021 ഏപ്രില്‍ 20 നാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്തുവന്നത്. തൃശൂരിലെ ഒരു മനുഷ്യാവകാശ പ്രവര്‍ത്തക വഴിയാണ് വാര്‍ത്ത പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് യുവാക്കള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുകയും പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്‌തു. എന്നാല്‍ മൊഴിയെടുത്തപ്പോള്‍ സഹോദരന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും എല്ലാം കലാമ്മ പറഞ്ഞിട്ടാണെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഇതോടെ പുറത്തുവന്നത് വലിയ ഒരു കളളകഥയാണ്. വിവാഹ ദല്ലാളായ യുവതി വൈരം തീര്‍ക്കാന്‍ കെട്ടിച്ചമച്ച് പെണ്‍കുട്ടിയെകൊണ്ട് പറയിച്ച കളളകഥയാണിതെന്ന് കണ്ടെത്തി. യുവതിയുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്യുകയും ചെയ്‌തു.
ഇടുക്കി കഞ്ഞിക്കുഴിയിലാണ് സംഭവം. മൊഴിയെടുക്കുമ്പോേള്‍ ദല്ലാളായ യുവതി കൂടെ വേണമെന്ന പെണ്‍കുട്ടി ശാഠ്യം പിടിച്ചിരുന്നു. ഡോക്ടറുടെ മൊഴിയില്‍ പീഡനം നടന്നതായി ഉറപ്പിച്ചിരുന്നില്ല. തുടര്‍ന്ന് താന്‍ കുറ്റം ചെയ്‌തിട്ടില്ലെന്ന സഹോദരന്റെ മൊഴിയും പോലീസിനെ വലച്ചു. അതിനിടെയാണ് സഹോദരന്‍ തെറ്റുചെയ്‌തിട്ടില്ലെന്ന പെണ്‍കുട്ടിയുടെ കുറിപ്പ് ലഭിക്കുന്നത്. . തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്ക് സര്‍ജന്‍ പെണ്‍കുട്ടിയെ പരിശോധിച്ചു പീഡനം നടന്നിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. വീണ്ടും മൊഴിയെടുത്തപ്പോള്‍ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ തെറ്റ് ഏറ്റുപറയുകയായിരുന്നു..
വെണ്‍മണി സ്വദേശിനിയായ ശ്രീകല എന്ന യുവതി കുട്ടിയുടെ സഹോദരന് വിവാഹം ആലോചിച്ച് സ്ഥിരമായി വീട്ടില്‍ വരുമായിരുന്നു. മൂന്നുമാസം കൊണ്ട് ഇവര്‍ കുട്ടിയുമായി അടുത്തു. അടുപ്പക്കൂടുതല്‍ കൊണ്ട് കലാമ്മ എന്നാണ് കുട്ടി ഇവരെ വിളിച്ചിരുന്നത്. പെണ്‍കുട്ടിയോടുളള ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സഹോദരന്‍ ഇവരെ വീട്ടില്‍ വരുന്നതില്‍ നിന്ന് വിലക്കിയിരുന്നു. . വിവാഹാലോചനയുമായി വരേണ്ടെന്നും പറഞ്ഞു. ഇതിന്റെ വൈരത്തിലാണ് ശ്രീകല അടുപ്പം മുതലെടുത്ത് സഹോദരനെതിരെ മൊഴിനല്‍കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്. കുട്ടിയെ ദുരുപയോഗം ചെയ്‌തതിനും,പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് ശ്രീകലയുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. സഹോദരനും സുഹൃത്തുക്കള്‍ക്കുമെതിരെയുളള കേസ് പിന്‍വലിക്കാനും നടപടികള്‍ ആരംഭിച്ചു.
കഞ്ഞിക്കുഴി പോലീസ് ഇന്‍സ്‌പെക്ടര്‍ സെബി തോമസ്, എസ്‌ഐമാരായ സന്തോഷ്, റോബിന്‍സണ്‍എന്നിവരടങ്ങിയ പതിനാറംഗ പോലീസ് സംഘമാണ് കേസന്വേഷിച്ചത്.

