തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്‌സീനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേര്‍ക്കും. ചില വിദേശ രാജ്യങ്ങള്‍ വാക്‌സിനെടുത്ത തീയതിയും വാക്‌സീന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഇവകൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. അടുത്ത ദിവസം മുതല്‍ തന്നെ ബാച്ച് നമ്പരും തീയതിയും ചേര്‍ത്ത പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പരും തീയതിയും ആവശ്യമുള്ളവര്‍ക്ക് അവകൂടി ചേര്‍ത്ത് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
നേരത്തേ സര്‍ട്ടിഫിക്കറ്റ് എടുത്തവര്‍ സംസ്ഥാന സര്‍ക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന പോര്‍ട്ടലില്‍ പ്രവേശിച്ചു പഴയ സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്തുവേണം പുതിയതിന് അപേക്ഷിക്കേണ്ടത്. മുൻപു ബാച്ച് നമ്പറും തീയതിയുമുള്ള കോവിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ അതു പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. കോവിന്‍ പോര്‍ട്ടലില്‍നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ വാക്‌സീന്‍ എടുത്ത കേന്ദ്രത്തില്‍നിന്നും ബാച്ച് നമ്പറും തീയതിയും കൂടി എഴുതി വാങ്ങിയ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ പരിശോധിച്ചു പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും.
അപേക്ഷിച്ചവര്‍ക്ക് പിന്നീട് ഈ പോര്‍ട്ടലില്‍നിന്നd തന്നെ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. വാക്‌സിന്‍ എടുത്തു വിദേശത്ത് പോകുന്നവര്‍ക്ക് ഉടനെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും പോര്‍ട്ടലില്‍ വരുത്തി. വാക്‌സീന്‍ നല്‍കി കഴിയുമ്പോള്‍ വ്യക്തിയുടെ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍, സര്‍ട്ടിഫിക്കറ്റ് നമ്പറടങ്ങിയ എസ്എംഎസ് ലഭിക്കും. ഉടനെ അവര്‍ക്കു പോര്‍ട്ടലില്‍നിന്നും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ സംശയങ്ങള്‍ക്കു ദിശ 1056, 104 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

