തൃശൂര്‍: കോവിഡ് വ്യാപനകാലത്ത് തൊഴില്‍ നഷ്ടമായവര്‍ക്ക് പുതിയ തുടങ്ങാന്‍ സഹായവുമായി ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്. ‘ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം’പദ്ധതി വഴിയാണ് സഹായം. ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നേരത്തെ തുടങ്ങിയ എന്റെ ഗ്രാമം പദ്ധതിയുടെ തുടര്‍ച്ചയായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. 50,000 മുതല്‍ അഞ്ചുലക്ഷം വരെ മുതല്‍ മുടക്കി തുടങ്ങുന്ന പദ്ധതികള്‍ക്ക് സ്പെഷ്യല്‍ എംപ്ലോയ്മെന്റ് ജനറേഷന്‍ പ്രോഗ്രാം വഴിയാണ് സബ്സിഡി നല്‍കുക. ജനറല്‍ വിഭാഗത്തിന് 25 ശതമാനവും വനിതകള്‍, പിന്നോക്ക വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് 30 ശതമാനവും പ്രവാസികള്‍/ എസ്. സി / എസ്.ടി വിഭാഗക്കാര്‍ക്ക് 40 ശതമാനംവരെയുമാണ് സബ്സിഡി നല്‍കുക. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള സംരംഭങ്ങള്‍ക്കുമാത്രമേ സബ്സിഡി ലഭിക്കുകയുള്ളൂ.
ഒരു ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ മുതല്‍ മുടക്കില്‍ ആരംഭിക്കുന്ന പദ്ധതികള്‍ക്ക് പ്രൈം മിനിസ്റ്റേഴ്സ് എംപ്ളോയ്മെന്റ് ജനറേഷന്‍ പ്രോഗ്രാം പദ്ധതി പ്രകാരവും സബ്സിഡി അനുവദിക്കുന്നതാണ്. പദ്ധതി മുഖാന്തിരം വ്യവസായം തുടങ്ങുന്നതിനായി ബാങ്കുകളില്‍ നിന്ന് സംരംഭകന്‍ വായ്പയെടുക്കുമ്പോള്‍ 25 മുതല്‍ 35 ശതമാനം വരെ സബ്സിഡി ലഭിക്കും.
60 വയസ്സുവരെയുള്ളവര്‍ക്ക് പദ്ധതി വഴി വ്യവസായ സംരംഭം തുടങ്ങാം. പി.എം.ഇ.ജി.പി വായ്പാപദ്ധതി പ്രകാരമുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്. എസ്.ഇ.ജി.പി വഴിയാണെങ്കില്‍ അപേക്ഷ തൃശൂര്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ സമര്‍പ്പിച്ചാല്‍ മതി. അപേക്ഷകന്റെ വിവരങ്ങള്‍ പരിശോധിച്ചശേഷം ബാങ്കും ബോര്‍ഡും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. വായ്പയുടെ ഒന്നാം ഗഡു ലഭിക്കുന്ന മുറക്കുതന്നെ സബ്സിഡി തുക അക്കൗണ്ടിലെത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലസ് റോഡിലുള്ള ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ – 0487-2338699