ആലപ്പുഴ: കോവിഡ്-19 രോഗവ്യാപന പശ്ചാത്തലത്തിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ/സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങിയ സേവനങ്ങൾക്ക് സമയപരിധി ദീർഘിപ്പിച്ചു നൽകിയതായി ജില്ല എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. 2020 ജനുവരി ഒന്നു മുതൽ 2021 മെയ് 31 വരെ രജിസ്‌ട്രേഷൻ പുതുക്കേണ്ട ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് 31 വരെ രജിസ്‌ട്രേഷൻ പുതുക്കാം. 03/2019 നോ അതിനു ശേഷമോ രജിസ്‌ട്രേഷൻ പുതുക്കേണ്ടതായ എസ്.സി/എസ്.റ്റി ഉദ്യോഗാർഥികൾക്ക് പുതുക്കൽ കാലാവധി ഓഗസ്റ്റ് 31 വരെ ദീർഘിപ്പിച്ചു. എസ്.സി/എസ്.ടി ഉദ്യോഗാർഥികളുടെ പുതുക്കലുമായി ബന്ധപ്പെട്ട നിലവിലുള്ള മറ്റ് ഉത്തരവുകൾക്ക് മാറ്റമില്ല. 2021 ജൂണിൽ പുതുക്കേണ്ട രജിസ്‌ട്രേഷൻ ഓഗസ്റ്റ് 31 വരെ പുതുക്കാം.
www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് വഴി 2019 ഡിസംബർ 20 മുതൽ ഓലൈൻ രജിസ്‌ട്രേഷൻ/സർട്ടിഫിക്കറ്റ് ചേർക്കൽ നടത്തിയ ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 31 വരെ അസൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പരിശോധനയ്ക്കായി ഹാജരാകാം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ അല്ലാതെയോ താൽക്കാലിക നിയമനം ലഭിച്ച് 2019 ഡിസംബർ 20 മുതൽ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാതിരുന്ന ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 31 വരെ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സമയം ദീർഘിപ്പിച്ചു. www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് വഴി രജിസ്‌ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, പുതുക്കൽ തുടങ്ങിയവ ഓൺലൈനായും ചെയ്യാം.

