തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടയ ഭൂമികളില്‍ നിന്നും വ്യാപകമായി മരം മുറിച്ചു കടത്തിയ കേസില്‍ വൻ ഗൂഢാലോചന നടന്നെന്ന് സംയുക്ത അന്വേഷണ സംഘം. സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേനയാണ് വ്യാപകമായ മരംമുറി നടത്തിയത്. ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് ഗുരുതരമായ കണ്ടെത്തലുള്ളത്.
മരം കൊള്ള നടത്തുന്നതിനായി ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. ഇതിന് പുറമെ പട്ടയ ഭൂമിയിലെ മരം മുറിക്ക് അപ്പുറം വിവിധ ജില്ലകളിലെ പുറമ്പോക്ക് ഭൂമിയിലും മരം മുറി നടന്നെന്നും എഫ്‌ഐആര്‍ ചൂണ്ടിക്കാട്ടുന്നു. മതിയായ അനുമതി രേഖകള്‍ കൈവശം ഇല്ലാതെ നിയമ വിരുദ്ധമായി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുള്ള സര്‍ക്കാര്‍ പട്ടയ വന പുറമ്പോക്ക് ഭൂമികളില്‍ നിന്നും വീട്ടി, തേക്ക് മുതലായ സംരക്ഷിത വൃക്ഷങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് ഉണ്ടെന്ന വ്യാജേന ഉദ്യോഗസ്ഥരും കരാറുകാരും മറ്റും ഗൂഢാലോചന നടത്തി 15.06.2021 ന് മുമ്പുള്ള കാലയളവില്‍ മോഷണം ചെയ്‌തെടുത്ത് പലസ്ഥലങ്ങളിലായി സൂക്ഷിച്ചും ഒളിപ്പിച്ചു വച്ചും സര്‍ക്കാറിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കാന്‍ ഇടയാക്കി എന്നാണ് എഫ്‌ഐആറിലെ ആരോപണം. ഐപിസി 1860 129 ബി, 379, 34 വകുപ്പുകള്‍ പ്രകാരമാണ് നടപടി.
വനം കൊള്ളക്കേസില്‍ എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് എഫ് ഐആര്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ സംഘം ഇതുവരെ കേസ് അന്വേഷിച്ച വനം, പൊലീസ്, റവന്യു ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചര്‍ച്ചകള്‍ നടത്തി. ക്രൈംബ്രാഞ്ച് ഐജി സ്പര്‍ജന്‍ കുമാര്‍ ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ പി ധനേഷ് കുമാര്‍, വിജിലന്‍സ് ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന്‍ തുടങ്ങിയവരാണു സംഘത്തിലുള്ളത്. ഐജി ശ്രീജിത്തിനാണ് അന്വേഷണത്തിന്റെ ഏകോപന ചുമതല.

