ന്യൂഡല്‍ഹി: എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ കോവിഡ് വാക്‌സിന്‍ എത്തിക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നീക്കം. സര്‍ക്കാരിനായി രാജ്യത്ത് എല്ലാ വാക്‌സിനുകളും വാങ്ങുന്ന എച്ച്എല്‍എല്‍ ലൈഫ് കെയറിന്റെ അനുബന്ധ സ്ഥാപനമായ എച്ച്എല്‍എല്‍ ഇന്‍ഫ്ര ടെക് സര്‍വീസസ് ലിമിറ്റഡ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനെ (ഐസിഎംആര്‍) പ്രതിനിധീകരിച്ച് ഒരു താല്‍പര്യപത്രം- എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് (ഇഒഐ) ക്ഷണിച്ചിരിക്കുകയാണ്.
വാക്‌സിനേഷന്‍ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതോടെ പര്‍വത പ്രദേശങ്ങളിലേക്കും വിദൂര പ്രദേശങ്ങളിലേക്കും വാക്‌സിനുകള്‍ വിതരണം ചെയ്യുന്നത് ഒരു വെല്ലുവിളിയായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതിനെ മറികടക്കാനാണ് പുതിയ മാര്‍ഗമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാക്‌സിനുകളുമായി 35 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും കുറഞ്ഞത് 100 മീറ്റര്‍ ഉയരത്തില്‍ പറക്കാനും ഡ്രോണുകള്‍ക്ക് കഴിയും. ജൂണ്‍ 22 നകം ഡ്രോണുകള്‍ ലഭ്യമാക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ പുറത്തിറക്കുന്ന പരസ്യം. രാജ്യത്തെ ഡ്രോണുകളുടെ ലഭ്യത ഐസിഎംആര്‍ പരിശോധിക്കുന്നുണ്ട്. ആളില്ലാത്ത ഏരിയല്‍ വെഹിക്കിള്‍സ് വിഭാഗത്തില്‍പ്പെടുന്ന ഡ്രോണുകള്‍ ഉപയോഗിച്ച് വാക്‌സിന്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്.