ഇന്ത്യാവിരുദ്ധ പ്രചാരണത്തിനു പാക് സൈന്യം ഉപയോഗിച്ച അനധികൃത നെറ്റ്‌വർക്കുകളെ നിർജ്ജീവമാക്കി ഫെയ്സ്ബുക്ക്

ന്യൂഡൽഹി : ഇന്ത്യാവിരുദ്ധ പ്രചാരണത്തിനു പാക് സൈന്യം ഉപയോഗിച്ച അനധികൃത നെറ്റ്‌വർക്കുകളെ നിർജ്ജീവമാക്കി ഫെയ്സ്ബുക്ക് . പി ആർ വർക്ക് കമ്പനികളെ നിയോഗിച്ച് ഇന്ത്യയ്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്താനായിരുന്നു പാക് സൈന്യത്തിന്റെ നീക്കം . എന്നാൽ കമ്യൂണിറ്റി ഗൈഡ് ലൈനുകൾ ലംഘിക്കുന്ന പ്രവൃത്തികൾ അനുവദിക്കാനാകില്ലെന്ന് കാട്ടിയാണ് ഇത്തരത്തിൽ പ്രചാരണം നടത്തിയ അനധികൃത നെറ്റ്‌വർക്കുകളെ ഫെയ്സ്ബുക്ക് ജൂൺ 14 ന് നിർജ്ജീവമാക്കിയത്.

പാക്കിസ്ഥാൻ ആസ്ഥാനമായ പിആർ കമ്പനി ആൽഫാപ്രോയുമായി ബന്ധപ്പെട്ട പേജുകളിലാണ് രാജ്യാന്തര വാർത്താ ഏജൻസികളുടേതെന്ന തരത്തിൽ ഇന്ത്യാവിരുദ്ധ പോസ്റ്റുകൾ വന്നത് . ഇസ്ലാമാബാദ് ആസ്ഥാനമായ ഡിജിറ്റൽ മീഡിയ സ്ഥാപനമാണ് ആൽഫപ്രോ. പാക് സൈന്യം തങ്ങളുടെ ക്ലയന്റുകളിലൊന്നായി ആൽഫപ്രോയുടെ വെബ്‌സൈറ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

2019 ഏപ്രിലിൽ നീക്കിയ നെറ്റ്‌വർക്കിലേക്കു ലിങ്കുകൾ പോകുന്നെന്ന സംശയത്തെ തുടർന്നുള്ള ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് ഇതു കണ്ടെത്തിയതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി .ആൽഫപ്രോയുമായി ബന്ധപ്പെട്ട വ്യക്തികൾക്കാണ് ഇതിൽ പങ്കാളിത്തമെന്നും തിരിച്ചറിഞ്ഞു.

പാകിസ്താനിൽ വച്ച് രൂപപ്പെടുത്തിയ പ്രധാനമായും ആ രാജ്യത്തുള്ളവരെ ലക്ഷ്യമിട്ടുള്ള 40 ഫേയ്സ്ബുക്ക് അക്കൗണ്ടുകൾ, 25 പേജുകൾ, ആറ് ഗ്രൂപ്പുകൾ, 28 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ എന്നിവ നീക്കം ചെയ്തു. ആഗോളതലത്തിൽ ഇംഗ്ലീഷ്, അറബിക് ഭാഷകളിലും പോസ്റ്റുകളുണ്ട്.

ഒരു വിദേശ രാജ്യത്തിന്റെ നേതൃത്വത്തിൽ മറ്റൊരു രാജ്യത്തിനോ വ്യക്തിക്കോ എതിരെ സംഘടിതമായി വ്യാജപ്രചാരണവും ഫെയ്ക്ക് അക്കൗണ്ടുകളുടെ ഉപയോഗവും നടത്തുന്നത് അനുവദിക്കില്ലെന്നും ഫേസ്ബുക്ക് ഔദ്യോഗിക പേജിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ കൊറോണ പ്രതിരോധം, മുസ്ലീങ്ങളോടുള്ള പെരുമാറ്റം, കശ്മീർ വിഷയം എന്നിവയെ പറ്റി രാജ്യാന്തര വാർത്താ ഏജൻസികൾ നൽകിയ വാർത്തകൾ എന്ന പേരിലായിരുന്നു പ്രചാരണങ്ങൾ . ഒപ്പം പാകിസ്താനെ ന്യായീകരിക്കുന്ന വ്യാഖ്യാനവും സ്ഥിരമായി വന്നിരുന്നു . നെറ്റ്‌വർക്കിന് ആകെ 8,00,000 ഫോളോവേഴ്‌സുണ്ട്. 40,000 ഡോളർ പരസ്യത്തിനായി ചെലവാക്കിയതായും കണ്ടെത്തിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →