ജുഡീഷ്യല്‍ കമ്മീഷന്‍അന്വേഷണത്തിനെതിരെ ഇഡി ഹൈക്കോടതിയിലേക്ക്‌

കൊച്ചി: കളളപ്പണക്കേസ്‌ പ്രതികളായ സ്വപ്നയുടെ ശബ്ദരേഖയിലും, സന്ദീപിന്റെ കത്തിലുമുളള ജുഡീഷ്യല്‍ അന്വേഷണം ചോദ്യം ചെയ്‌ത്‌ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിക്കുന്നു. സമാന്തരമായ അന്വേഷണം നടത്തി തെളിവ്‌ നശിപ്പിക്കാനുളള ശ്രമം നടക്കുന്നുണ്ടെന്നാണ്‌ ഇഡിയുടെ ആക്ഷേപം. തെളിവ്‌ തേടിയുളള ജുഡീഷ്യല്‍ കമ്മീഷന്റെ പത്രപരസ്യത്തിന്റെ പാശ്ചാത്തലത്തിലാണ്‌ നടപടി.

നേരത്തെ കളളപ്പണക്കേസ്‌ അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച്‌ എടുത്ത രണ്ടുകേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ഇഡി ഹൈക്കോടതിയിലെത്തി നിയമ നടപടികള്‍ സ്വീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ രണ്ട്‌ എഫ്‌ഐആറുകളും റദ്ദാക്കിയിരുന്നു. ഇപ്പോള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ തന്റെ നയം പത്ര പരസ്യത്തിലൂടെ വ്യക്തമാക്കിയ സാഹചര്യത്തിലാണ്‌ ഇഡി നിയമ നടപടികള്‍ക്കാലോചിക്കുന്നത്‌. ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണ പരിധിയില്‍ എന്തൊക്കെ വരും കമ്മീഷന്‍ ഏതുരീതിയില്‍ മുന്നോട്ടുപോകും തുടങ്ങിയ കാര്യങ്ങള്‍ കഴിഞ്ഞ ദിവസത്തെ പത്രപരസ്യത്തിലൂടെ വ്യക്തമാണ്‌.

ഇപ്പോള്‍ ഇത്തരത്തില്‍ ജുഡീഷ്യല്‍ അ്‌ന്വേഷണം നടന്നാല്‍ ഈ കേസിലെ പ്രധാന പ്രതികളെയടക്കം ജുഡീഷ്യല്‍ കമ്മീഷന്‍ വിളിച്ചുവരുത്തി വിസ്‌തരിക്കാനുളള സാധ്യതയുണ്ട്‌. അങ്ങനെ വിസ്‌തരിക്കുമ്പോള്‍ കമ്മീഷന്‌ മുമ്പാകെ നല്‍കുന്ന മൊഴി മറ്റുനിയമ നടപടികള്‍ക്കുപയോഗിക്കാന്‍ സാധ്യമല്ല. അതുകൊണ്ട്‌ കമ്മീഷനുമുന്നില്‍ സാക്ഷികളായി വരുന്ന ഈ കേസിലെ പ്രതികള്‍ക്ക്‌ കമ്മീഷനുമുന്നില്‍ ബോധപൂര്‍വം എല്ലാ കാര്യങ്ങളും തുറന്നുപറയാന്‍ ശ്രമിച്ചേക്കാം. അത്‌ ഇഡിയുടെ കേസിനെ ദുര്‍ബ്ബലപ്പെടുത്തുമെന്നാണ്‌ ഇഡിയുടെ ആശങ്ക. . അത്‌ മുന്‍നിര്‍ത്തിയാണ്‌ നിയമ നടപടികളിലേക്ക്‌ കടക്കുക.

കേസില്‍ കക്ഷിചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ 26ാം തീയതിക്കകം അതിനുളള അവസരം കമ്മീഷന്‍ നല്‍കിയിട്ടുണ്ട്‌. സിപിഎം ഉല്‍പ്പെടയുളളവര്‍ കക്ഷിചേരാന്‍ സാധ്യതയുണ്ട്‌. കമ്മീഷന്‍ നടപടികളില്‍ പരസ്യമായ വിസ്‌താരമാണ്‌ ഉണ്ടാവുക. അത്‌ നടക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും. അത്‌ കേസിനെ ദുര്‍ബലപ്പെടുത്തും അതിനാല്‍ ജുഡീഷ്യല്‍ കമ്മീഷന്റെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരിക്കും ഇഡി കോടതിയിലെത്തുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →