തൃശൂര്‍: കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരകോടി രൂപയും തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ധര്‍മ്മരാജനും സംഘവും കോടതിയില്‍ . ധര്‍മ്മരാജനും സുനില്‍നായികും ഷംജീറും ചേര്‍ന്ന് നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്. തുകയും കാറും ആവശ്യപ്പെട്ട് ഇവര്‍ ഇരിങ്ങാലകുട ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു.
ധര്മരാജന് സപ്ലൈക്കോയ്ക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ബിസിനസ് കാരനാണെന്നും സംസ്ഥാനത്തുടനീളം പഴം,പച്ചക്കറി വ്യാപാരം നടത്തുന്നുണ്ടെന്നും സുനില്‍ നായ്ക് ധര്‍മ്മാരാജന്റെ പങ്കാളിയാണെന്നും ഹര്‍ജിയില്‍ പറയുന്നു. മോഷ്ടിക്കപ്പെട്ട തുകയില്‍ 3.25 കോടി രൂപ ധര്മരാജന്റെതും 25ലക്ഷംരൂപ സുനില്‍ നായികിന്റെ തുമാണെന്നും അവകാശപ്പെട്ടു. 2021 ഏപ്രില്‍ നാലിന് 3.25 കോടി രൂപ ഷംജീറിന് ധര്മരാജന് നല്‍കിയിരുന്നു. പിന്നീട് സുനില്‍ നായികിന്റെ പക്കല്‍ നിന്നും 25 ലക്ഷം രൂപകൂടി വാങ്ങിയ ശേഷം ഈതുക എറണാകുളത്ത് എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സീറ്റിനടിയില്‍ പ്രത്യേകം തയ്യാറാക്കിയ പെട്ടിയിലാണ് 3.25 കോടി രൂപ സൂക്ഷിച്ചിരുന്നത്. 25 ലക്ഷം രൂപ ബാഗിലായിരുന്നു.
സംഭവദിവസം ഷംജീര്‍ തന്റെ സുഹൃത്തായ റഷീദിനെ കാറില്‍ കയറ്റി. രണ്ടുപേരും ചേര്‍ന്നാണ് യാത്ര ചെയ്തത്. ഒറ്റക്കു പോകണമെന്ന നിര്‍ദ്ദേശം ലംഘിച്ചാണ് റഷീദിനെ കാറില്‍ കയറ്റിയത്. പുലര്‍ച്ചെ 4.40ന് കൊടകരപാലത്തിലെത്തിയപ്പോള് മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നുവെന്ന പോലെ മൂന്നുകാറുകള്‍ ഷംജീറിന്റെ കാറിനെ വളയുകയും ചില്ലുകള്‍ തകര്‍ത്ത് ഷംജീറിനേയും റഷീദിനേയും ആക്രമിച്ചശേഷം ഇവരെ വഴിയില്‍ തളളി കാറുമായി കടക്കുകയുമായിരുന്നെന്ന് ഹര്‍ജിയില്‍ പറയുന്നു. കൊളളയുടെ വിവരം അറിഞ്ഞ ഉടന്‍തന്നെ ധര്മരാജന് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ 1.40 കോടി രൂപ പ്രതികളില്‍നിന്ന് പിടിച്ചെടുത്തിരുന്നു. 21 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാറിന്റെ ഉടമ ഷംജീറാണ് . മറ്റാര്‍ക്കും കാറിന്റെ കാര്യത്തിലോ പണത്തിന്റെ കാര്യത്തിലോ അവകാശമില്ലെന്നും പണത്തിന് കൃത്യമായ സ്രോതസ് ഉണ്ടെന്നും ഇത് കോടതി ആവശ്യപ്പെടുന്ന സമയത്ത് സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും അതിനാല്‍ വിചാരണക്കുമുമ്പ് കവര്‍ച്ച ചെയ്യപ്പെട്ട വസ്തുക്കള്‍ ഇവര്‍ക്ക് തിരികെ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

