സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിച്ചു, മുഴുവന്‍ പൗരന്‍മാര്‍ക്കും സൗജന്യ വാക്‌സിന്‍; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍. ജൂണ്‍ 21 മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ സൗജന്യമായി അനുവദിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമേദി അറിയിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്‌സിനുകള്‍ കേന്ദ്രം കമ്പനികളില്‍ നിന്നും വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

.കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ് എന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ രാജ്യം ഇപ്പോഴും പൊരുതുകയാണെന്നും വ്യക്തമാക്കിയാരുന്നു രാജ്യത്തോട് സംസാരിച്ചത്. രോഗത്തെ പ്രതിരോധിക്കാന്‍ രാജ്യം സര്‍വ സന്നാഹവും എടുത്ത് പോരാടി. മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യം കുതിച്ചുയര്‍ന്നിരുന്നു. പത്തിരട്ടിയോളം അധികമായി ഓക്‌സിജന്‍ ആവശ്യമായി. ഇത് തയ്യാറാക്കാന്‍ കഴിഞ്ഞു. കോവിഡ് ആശുപത്രികള്‍ തയ്യാക്കി, ഐസിയു കിടക്കകള്‍ തയ്യാറാക്കി, വെന്റിലേറ്ററുകള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്താന്‍ കഴിഞ്ഞു. മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദനം ഉയര്‍ത്താന്‍ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിനെ നേരിടാന്‍ ഏറ്റവും വലിയ സുരക്ഷാ കവചം വാക്‌സിനേഷനാണ്. ലഭ്യമായ സ്ഥലത്ത് നിന്നെല്ലാം വാക്‌സിന്‍ എത്തിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോവിഡിന് എതിരെ ഇന്ത്യ രണ്ട് വാക്‌സിനുകള്‍ ഒരുക്കി. കുറഞ്ഞ സമയത്തിനുള്ളില്‍ രാജ്യത്തെ ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ നിര്‍മ്മിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു. അതിനായി ഉറച്ച പിന്തുണയാണ് സര്‍ക്കാര്‍ നല്‍കിയത്.

23 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തു. വാക്‌സിനേഷന്‍ വേഗത്തിലാത്താന്‍ മിഷന്‍ ഇന്ദ്രധനുസ്സ് നടപ്പാക്കും. വരും ദിവസങ്ങളില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കും. നിലവില്‍ 7 കമ്പനികളുടെ വാക്‌സിനുകള്‍ രാജ്യത്ത് നല്‍കിവരുന്നുണ്ട്. മുന്ന് വാക്‌സിന്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നുണ്ട്. മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സിന്‍ നിര്‍മാണത്തിലാണ്. കുട്ടികള്‍ക്കായുള്ള രണ്ട് വാക്സിനുകളുടെ ട്രയലും നടന്നുവരികയാണെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം