തിരുവനന്തപുരം: പിഎസ്.സി പരീക്ഷയുടെ സിലിബസ് ചോര്‍ന്നുവെന്ന് ആരോപണം. എല്‍ഡിസി, എല്‍ജിഎസ്, പരീക്ഷകളുടെ സിലിബസാണ് ചോര്‍ന്നത്. സിലിബസ് ഔദ്യോഗിക സൈറ്റില്‍ വരുന്നതിന്മുമ്പ് സമൂഹ മാധ്യമങ്ങളിലും ചില പരിശീലന കേന്ദ്രങ്ങളിലും ലഭിച്ചുവെന്നാണ് ഉദ്യോഗര്‍ത്ഥികളുടെ പരാതി. എന്നാല്‍ ചെയര്മാന് അംഗീകരിച്ച സിലിബസ് എങ്ങനെ സമൂഹ മാധ്യമങ്ങളില്‍ എത്തിയെന്ന് അറിയില്ലെന്നാണ് പിഎസ് സിയുടെ വിശദീകരണം.
എല്‍ഡിസി,എല്‍ജിഎസ് പരീക്ഷകളുടെ സിലിബസ് 2021 ജൂണ്‍ നാലിന് രാവിലെയാണ് പിഎസ് സി ഔദ്യോഗികമായി സൈറ്റിലൂടെ പുറത്തുവിട്ടത്. എന്നാല്‍ മൂന്നാം തീയതി രാത്രിമുതല്ക്കുതന്നെ സിലിബസിന്റെ പൂര്‍ണരൂപം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒരുപാട് മാറ്റങ്ങളോടെ പിഎസ് സി തയ്യാറാക്കിയ സിലിബസ് എങ്ങനെ സ്വകാര്യ പരിശീലന സ്ഥാപനങ്ങളുടെ വാട്സാപ്പ് ,ടെലഗ്രാം ഗ്രൂപ്പുകളില്‍ എത്തിയെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നത്.
ഇന്ന് സിലിബസാണ് ചോര്‍ന്നതെങ്കില്‍ നാളെ ചോദ്യപേപ്പര്തന്നെ ചോര്‍ന്നേക്കാമെന്നും ആയതിനാല്‍ സിലിബസ് ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. വകുപ്പുതലത്തില്‍ മാത്രം കൈമാറിയ സിലിബസ് എങ്ങനെ പുറത്തുപോയി എന്നതില്‍ പിഎസ്.സിക്കും വ്യക്തമായ മറുപടിയില്ല.

