ന്യൂഡല്‍ഹി: തൊഴില്‍ നഷ്ടം, വായ്പ തിരിച്ചടവ് ശേഷി ഇല്ലാതാവല്‍ അടക്കം കൊവിഡ് മഹാമാരി വരുത്തിയ സാമ്പത്തിക ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരകയറുന്നത് വളരെ പതുക്കെയെന്ന് റിപ്പോര്‍ട്ട്. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ആഘാതം മുന്നില്‍ കണ്ട് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പ്രവചനങ്ങള്‍ നേരത്തെയുള്ളതില്‍ നിന്ന് സാമ്പത്തിക വിദഗ്ധര്‍ താഴ്ത്തിയിരിക്കുകയാണ്.
ഏപ്രില്‍ ഒന്നിന് ആരംഭിച്ച സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്വ്യവസ്ഥ 10.5 ശതമാനം വളര്‍ച്ച നേടുമെന്ന പ്രവചനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നത്. എന്നാല്‍ ചൊവ്വാഴ്ച രാജ്യത്തെ ഏറ്റവും വലിയ വായ്പ നല്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വളര്‍ച്ച നിരക്ക് നേരത്തെ പ്രവചിച്ച 10.4 ശതമാനത്തില്‍ നിന്ന് 7.9 ശതമാനമായി കുറച്ചു.നിരവധി അന്താരാഷ്ട്ര ബാങ്കുകളായ ബാര്‍ക്ലേസ്, യുബിഎസ് എന്നിവയും വളര്‍ച്ചാ നിരക്ക് താഴ്്ത്തിയിട്ടുണ്ട്.

