തിരുവനന്തപുരം: കൊവിഡ് വാക്സിന് സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണമെന്ന പ്രമേയം നിയമസഭ പാസാക്കി. ഐകകണ്ഠേനയാണ് 02/06/21 ബുധനാഴ്ച പ്രമേയം നിയമസഭയില്‍ പാസാക്കിയത്.
ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ചട്ടം 118 അനുസരിച്ച് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പൊതുമേഖല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ ഉപയോഗപെടുത്തി വാക്സിന് നിര്‍മ്മിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ലോകാരോഗ്യ സംഘടന അടിയന്തിര ആവശ്യത്തിന് അനുമതി നല്കിയ കമ്പനികളുടെയും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യു.കെ എം.എച്ച.ആര്.എ, ജപ്പാന് പി.എം.ഡി.എ, യു.എസ് എഫ്.ഡി.എ എന്നിവയുടെ അനുമതിയുള്ള വാക്സിന് കമ്പനികള്‍ക്കും ഇളവ് നല്‍കാമെന്നും പ്രമേയത്തില്‍ പറഞ്ഞു.
പ്രമേയത്തെ അനുകൂലിച്ച പ്രതിപക്ഷം ചെറിയ ഭേദഗതികള്‍ ആവശ്യപ്പെട്ടു. ഇത് കൂടി അംഗീകരിച്ചാണ് പ്രമേയം ഐകകണ്ഠേന പാസാക്കിയത്.

