കാസർഗോഡ്: ജില്ലയിലെ എസ്.സി, എസ്.ടി കോളനികളിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് അടിയന്തിരമായി വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. എസ്.സി, എസ്.ടി കോളനികളിൽ ചെന്ന് വാക്‌സിനേഷനായുള്ള രജിസ്‌ട്രേഷൻ പൂർത്തീകരിച്ചുവരുന്നു. ആരോഗ്യ പ്രശ്‌നങ്ങളുള്ള 12 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ വാക്‌സിനേറ്റ് ചെയ്യാനായി വേണ്ട മുന്നൊരുക്കങ്ങൾ ചെയ്യാൻ കളക്ടർ ആരോഗ്യ വകുപ്പിന് നിർദേശം നൽകി. കിടപ്പുരോഗികൾക്കും ഭിന്നശേഷിയുള്ളവർക്കും വീടുകളിൽ ചെന്ന് വാക്‌സിനേഷൻ നൽകുമെന്ന് കളക്ടർ അറിയിച്ചു.
ഭിന്നശേഷിയുള്ളവർക്ക് വാക്‌സിൻ രജിസ്‌ട്രേഷന് ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് മതി. ഓൾഡ് ഏജ് ഹോമുകളിലും വാക്‌സിനേഷൻ പുരോഗമിക്കുന്നു. ട്രാൻസ്‌ജെൻഡർമാർക്ക് ഒരു കേന്ദ്രത്തിൽവെച്ച് വാക്‌സിനേഷൻ നൽകാൻ കളക്ടർ നിർദേശം നൽകി. മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സിൻ സ്വീകരിക്കാവുന്നതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലയിൽ നിലവിൽ എല്ലാ സർക്കാർ ആശുപത്രികളിലും സ്വകാര്യ മേഖലയിൽ 28 കേന്ദ്രങ്ങളിലും കോവിഡ് ടെസ്റ്റിന് സൗകര്യമുണ്ട്.
യോഗത്തിൽ ജില്ലാ സർവലെൻസ് ഓഫീസർ ഡോ. എ.ടി മനോജ്, ജില്ലാതല ഉദ്യോഗസ്ഥർ, ജില്ലയിലെ മെഡിക്കൽ ഓഫീസർമാർ, ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.