കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ രാജിവെച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അദ്ദേഹം ഇനി മമത ബാനര്‍ജിയുടെ മുഖ്യ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കും. 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു.
നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ മെയ് 31 ന് തിങ്കളാഴ്ചയാണ് ചീഫ് സെക്രട്ടറിയുടെ വിരമിക്കല്‍ മമത ബാനര്‍ജി പ്രഖ്യാപിച്ചത്. ആലാപന്‍ ബന്ദോപാധ്യായ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഡല്‍ഹിയിലെ ചുമതയില്‍ പ്രവേശിക്കില്ലെന്ന് മമത വ്യക്തമാക്കി. അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചതായും മമത ബാനര്‍ജി വ്യക്തമാക്കി.
ചീഫ് സെക്രട്ടറിയെ തിരികെ വിളിക്കാനുള്ള നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിത നീക്കം.
അതേസമയം കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിച്ച ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ തിങ്കളാഴ്ച ദില്ലിയില്‍ ഹാജരായിരുന്നില്ല. അടിയന്തിര യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും എത്താന്‍ സാധിക്കില്ലെന്നുമായിരുന്നു ആലാപന്‍ ബന്ദോപാധ്യായയുടെ വിശദീകരണം. ഇതേ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ നടപടികള്‍ സ്വീകരിച്ചേക്കുമെന്ന റിപ്പോർടുകളുണ്ടായിരുന്നു, ഇതിനിടെയാണ് രാജി.
പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യാസ് ചുഴലിക്കാറ്റ് നാശനഷ്ട്ടങ്ങള്‍ വിലയിരുത്തുന്ന അവലോകന യോഗത്തില്‍ വൈകിയെത്തുകയും തുടര്‍ന്ന് യോഗത്തില്‍ പങ്കെടുക്കാതെ മമത പോകുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് മമതയുടെ വിശ്വസ്ഥനായി അറിയപ്പെടുന്ന ബംഗാള്‍ ചീഫ് സെക്രട്ടറിയെ കേന്ദ്ര സര്‍വ്വീസിലേക്ക് തിരിച്ചുവിളിച്ചത്.
നേരത്തെ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയുടെ സര്‍വ്വീസ് നീട്ടിനല്കാന്‍ ആവശ്യപ്പെട്ട് മമത കേന്ദ്രസര്‍ക്കാരിന് കത്ത് നല്കിയിരുന്നു.

