തിരുവനന്തപുരം: ഓണ്‍ലൈന്‍ ആയി ഫീസടച്ചാല്‍ പെര്‍മിറ്റ് ലഭിക്കുംവിധം മോട്ടോര്‍വാഹന വകുപ്പിന്റെ ചെക്ക്പോസ്റ്റുകള്‍ ഓണ്‍ലൈനാകുന്നു. ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തുന്നതുവഴി സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കുമുളള ചരക്കുവാഹനങ്ങള്‍ക്കും ബസുകള്‍ക്കും ചെക്ക്പോസ്റ്റിനുളളില് മണിക്കൂറുകള്‍ വരി നില്‍ക്കാതെ വേഗത്തില്‍ കടന്നുപോകാം. പണമിടപാട് ഒഴിവാകുന്നതിലൂടെ ചെക്ക്പോസ്റ്റിലെ ഇടനിലക്കാരെയും ഒപ്പം ക്രമക്കേടുകളും ഒഴിവാക്കാനൊക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍.
ഇതിനുപുറമേ പെര്‍മിറ്റുകള്‍ എവിടെവെച്ചും ഓണ്‍ലൈനില്‍ പരിശോധിക്കാന്‍ കഴിയും.എട്ടുജില്ലകളിലായി 19 ചെക്ക്പോസ്റ്റുകളാണ് മോട്ടോര്‍വാഹന വകുപ്പിന് കിഴിലുളളത്.ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് യാത്ര പുറപ്പെടുമ്പോള്‍ തന്നെ പെര്‍മിറ്റ് എടുക്കാനാവും. ചെക്ക് പോസറ്റില്‍ ഇവ ഹാജരാക്കി കടന്നുപോകാം. മറ്റു സംസ്ഥാനങ്ങളിലേക്കുപോകുന്ന കോണ്ട്രക്ട് കാര്യേജ് വാഹനങ്ങള്‍ക്ക് സ്പെഷ്യല്‍ പെര്‍മിറ്റ് വാഹന്‍ സോഫ്റ്റ് വെയറില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. മുമ്പ് ബന്ധപ്പെട്ട ചെക്ക്പോസ്റ്റുകളില്‍ നിന്നാണ് പെര്‍മിറ്റ് നല്‍കിയിരുന്നത്. ഇതിന് പകരം രജിസ്റ്റര്‍ ചെയ്ത വാഹന ഓഫീസിലേക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുകയാണ് വേണ്ടത്. അതത് ആര്.ടി.ഒമാര്‍ പെര്‍മിറ്റ് അനുവദിക്കും.
അതോടൊപ്പം ഇനിമുതല്‍ മോട്ടോര്‍ വാഹന നിയമങ്ങളും ചട്ടങ്ങളും, ഡ്രൈവിംഗ് റഗുലേഷനുകളും ഇനി വില്തുമ്പില് ലഭിക്കും. ” മോട്ടോര്‍ വെഹിക്കിള്‍സ് ആന്റ് റൂള്‍സ് ‘ എന്ന പേരിലുളള മൊബൈല്‍ ആപ്പിലാണ് സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന വിധം വിവരങ്ങള്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്. മോട്ടോര്‍വാഹന വകുപ്പിലെ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സിഎം അബ്ബാസാണ് ആപ്പ് വികസിപ്പിച്ചത്. ഗതാഗത വകുപ്പ്മന്ത്രി ആന്റണി രാജു ലോഗോ പ്രകാശനം ചെയ്തു. ആപ്ലിക്കേഷനിലൂടെ മോട്ടോര്‍ വാഹന നിയമങ്ങളും, ചട്ടങ്ങളും, റോഡ് ടാക്സ് ഷെഡ്യൂളുകളും, ഡ്രൈവിംഗ് റെഗുലേഷനുകളും ബന്ധപ്പെട്ട കേസ് നിയമനങ്ങളും ഓഫ്ലൈന് മൊബൈല്‍ വഴി ലഭ്യമാവും.

