കൊല്ലം: ട്രോളിങ്ങ് നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ കായലോരങ്ങളില്‍ അടുപ്പിച്ചിടുന്ന ബോട്ടുകളില്‍ കൊതുകുകള്‍ പെരുകി ഡെങ്കിപ്പനി, മലമ്പനി പോലുള്ള രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബോട്ടുടമകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ കാലയളവില്‍ നിശ്ചലമായിക്കിടക്കുന്ന ബോട്ടുകളില്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളും മലമ്പനിക്ക് കാരണമായ അനോഫലിസ് വര്‍ഗത്തില്‍ പെട്ട കൊതുകുകളും പെരുകാന്‍ സാധ്യതയുണ്ട്.
ബോട്ടുകള്‍ കൂട്ടിമുട്ടി തകരാര്‍ സംഭവിക്കാതിരിക്കാന്‍ ഘടിപ്പിക്കുന്ന ടയറുകളിലും ശുദ്ധജല സംഭരണ ടാങ്കുകളിലും അടിത്തട്ടില്‍ ശേഖരിക്കപ്പെടുന്ന മഴവെള്ളത്തിലും കൊതുകുകള്‍ വളരും. സംഭരണ ടാങ്കുകളില്‍ അവശേഷിക്കുന്ന വെള്ളം കളഞ്ഞ് അവ കമിഴ്ത്തി വെയ്ക്കണം. ടയറുകളുടെ അടിവശത്ത് മഴവെള്ളം പുറത്തുപോകാനായി ദ്വാരമുണ്ടെന്ന് ഉറപ്പുവരുത്തണം. ബോട്ടിന്റെ അടിത്തട്ടില്‍ ശേഖരിക്കപ്പെടുന്ന വെള്ളം ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്യേണ്ടതാണ്. ഇതിന് കഴിയാതെ വന്നാല്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യുണിറ്റുമായി ബന്ധപ്പെട്ട് കൂത്താടി നാശിനി കൃത്യമായ ഇടവേളകളില്‍ ഉപയോഗിക്കണം. പൊതുജനാരോഗ്യത്തിന് ഹാനികരമായ കൊതുകുജന്യ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബോട്ടുടമകള്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.