മുംബൈ: ബാങ്കിന്റെ വാഹന വായ്പാ പോര്‍ട്ട്ഫോളിയോയിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡിന് 10 കോടി രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 1949 ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 6 (2), 8 വകുപ്പുകള്‍ ബാങ്ക് ലംഘിച്ചതിനെത്തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ണായക തീരുമാനം. നിയമം പാലിക്കുന്നതിലെ അപാകതകള്‍ അടിസ്ഥാനമാക്കിയാണ് ഈ നടപടിയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. അതേസമയം, ഈ സംഭവത്തിന്റെ പേരില്‍ ബാങ്കിന്റെ ഇടപാടുകളോ കരാറുകളോ ചോദ്യം ചെയ്യപ്പെടുന്നില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ക്കറ്റിങ് രേഖകളും ഉപഭോക്താക്കള്‍ക്കായുള്ള തേര്‍ഡ് പാര്‍ട്ടി സാമ്പത്തികേതര ഉത്പന്നങ്ങളും അന്വേഷണത്തിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് സംഘം പരിശോധിച്ചു. വിഷയത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് കേന്ദ്ര ബാങ്ക് എച്ച്ഡിഎഫ്സി ബാങ്കിന് നല്‍കിയിരുന്നു. എന്നാല്‍, ബാങ്കിന്റെ വിശദീകരണം റിസര്‍വ് ബാങ്കിന് തൃപ്തിയായില്ല. ശേഷം ബാങ്ക് സമര്‍പ്പിച്ച രേഖകളുടെ കൂടെ അടിസ്ഥാനത്തില്‍ ക്രമക്കേട് നടന്നതായി റിസര്‍വ് ബാങ്ക് കണ്ടെത്തുകയായിരുന്നു.
ക്രമക്കേട്: എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡിന് 10 കോടി രൂപ പിഴ ചുമത്തി
