വാതോരാതെ യുള്ള വർത്തമാനങ്ങളും ചിരിയും ബാക്കിയാക്കി തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് മഞ്ജു യാത്രയായി .. കിഷോർ സത്യയുടെ വാക്കുകൾ

നടിയും ഗായികയുമായ മഞ്ജു കൊവിഡ് ബാധിച്ച് മരിച്ചതിനെത്തുടർന്ന് നടൻ കിഷോർ സത്യ പങ്കുവെച്ച കുറിപ്പാണ് വേദന ആകുന്നത്. മരണവാർത്ത അറിഞ്ഞ് മഞ്ജുവിന്റെ അച്ഛൻ പട്ടം സ്റ്റാൻലിയെ വിളിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചത്.

കോവിഡിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന മഞ്ജുവിന് പെട്ടെന്ന് നെഞ്ചിന് ഒരു ഭാരവും ശ്വാസം മുട്ടലും പോലെ തോന്നിയപ്പോൾ ആശുപത്രിയിൽ പോയി ഓക്സിജൻ കൊടുത്തു. ഐസിയു ബെഡ് ഒഴിവില്ലാതിരുന്നതിനാൽ രണ്ടു ദിവസം കഴിഞ്ഞു ആണ് ബെഡ് കിട്ടിയത്. 7 – 8 ദിവസങ്ങൾക്ക് ശേഷം തിരിച്ചു വരവില്ലാത്ത ലോകത്തേക്ക് മഞ്ജു യാത്രയായി .

കിഷോർ സത്യയുടെ കുറിപ്പ് ഇങ്ങനെ:

ഇന്നലെ രാത്രി 10 മണിയോടെ സംവിധായകൻ അൻസാർ ഖാൻ വിളിച്ചുപറഞ്ഞു. കിഷോർ നമ്മുടെ സീരിയലിൽ ഹൗസ് ഓണർ ആയി അഭിനയിച്ച മഞ്ജു കോവിഡ് വന്നു മരിച്ചു എന്ന് ചില ഗ്രൂപ്പുകളിൽ കണ്ടു. സത്യമാണോ എന്ന് തിരക്കാൻ ചിലരോട് പറഞ്ഞിട്ടുണ്ട്. കിഷോർ നിജസ്ഥിതി ഒന്ന് അന്വേഷിച്ചോളൂ. കേട്ടപ്പോൾ ഉള്ളുലഞ്ഞുവെങ്കിലും സത്യമാവില്ല എന്നുതന്നെ കരുതി. എന്നാൽ നേരം വെളുത്തു ഫോൺ നോക്കിയപ്പോൾ പലരും ഈ വാർത്ത പങ്കുവെച്ചിരുന്നു.

പല ഓൺലൈൻ വാർത്താ ലിങ്കുകൾ ചിലർ വാട്സ്ആപ്പ് ചെയ്തിരുന്നു. അതിൽ ഒരെണ്ണത്തിൽ മഞ്ജുവിന്റെ പിതാവിന്റെ പേര് പട്ടം സ്റ്റാൻലി എന്ന് പരാമർശിച്ചു കണ്ടു. എന്നാൽ മഞ്ജുവോ അദ്ദേഹമോ ഈ കാര്യം ഇതുവരെ എന്നോട് പറഞ്ഞിരുന്നില്ല. അദ്ദേഹത്തെ എനിക്ക് നേരിട്ട് അറിയാം. എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ് അദ്ദേഹം.

സ്റ്റാൻലി ചേട്ടനെ വിളിക്കുമ്പോഴും ഇതൊരു വ്യാജ വാർത്ത ആവണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് വിളിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ നൊമ്പരത്തിന്റ തുരുത്തിലേക്ക് വലിച്ചെറിഞ്ഞു. മഞ്ജുവിന്റെ വാതോരാതെയുള്ള വർത്തമാനങ്ങളും ചിരിയും ഒന്നും ഇനിയൊരു ലൊക്കേഷനിലും ഉണ്ടാവില്ല.
ഉള്ളിൽ ഒരുപാട് വേദനകളും അസ്വസ്ഥതകളും ഒളിപ്പിച്ചുവെച്ചാണ് മഞ്ജു നമ്മെ നോക്കി ചിരിച്ചത് എന്ന് സ്റ്റാൻലി ചേട്ടൻ പറയുമ്പോൾ മാത്രമാണ് അറിയുന്നത്.

പ്രിയപ്പെട്ടവരെ .. അപ്രതീക്ഷിതമായി നിരവധി പേർ കോവിഡ് ബാധിച്ച് മരിക്കുന്ന ഈ സാഹചര്യത്തിൽ ഇന്നലെവരെ കോവിഡ് നമ്മുടെ അപ്പുറത്തെ വീട്ടിൽ മാത്രമേ വരൂ എന്ന് നമ്മൾ നമ്മെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. എങ്കിൽ ഇന്ന് കോവിഡ് നമ്മുടെ വീട്ടിൽ എത്തി എന്ന സത്യത്തിലേക്ക് നാം തിരിച്ചെത്തേണ്ടിയിരിക്കുന്നു.

പത്രവാർത്തകളിൽ കണ്ടിരുന്ന ഡൽഹിയിലെയും മുംബൈയിലേയുംഓക്സിജൻ സിലിണ്ടർ , ഐസിയു , വെൻറിലേറ്റർ ബെഡുകളുടെ ഇല്ലായ്മയൊക്കെ നമ്മുടെ കൊച്ചു കേരളത്തിലും വന്നു എന്ന സത്യം കൂടി നാം ഉൾക്കൊള്ളാൻ തയ്യാറാവേണ്ടിയിരിക്കുന്നു. ജീവന്റെ വിലയുള്ള ജാഗ്രത എന്ന് പറയുന്നതിന്റെ വില നാം മനസ്സിലാക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →