ഡെറാഡൂണ്‍: ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ പരാമര്‍ശം നടത്തിയ യോഗാചാര്യന്‍ ബാബ രാം ദേവിനെതിരെ മാനനഷ്ടത്തിന് 1000 കോടിയുടെ നോട്ടീസ് അയച്ച് ഇന്ത്യന്‍ മെഡികല്‍ അസോസിയേഷന്‍ (ഐഎംഎ). ആറുപേജുള്ള നോട്ടീസ് ഉത്തരാഖണ്ഡ് ഐ എം എ സെക്രടറി അജയ് ഖന്നയുടെ പേരിലാണ് അയച്ചിരിക്കുന്നത്. രാംദേവിന്റെ പ്രസ്താവന സംഘടനയില്‍ അംഗമായ ഡോക്ടര്‍മാരുടെ സേവനത്തെയും മാന്യതയെയും കളങ്കപ്പെടുത്തുന്നതാണെന്ന് 26/05/21 ബുധനാഴ്ച അയച്ച നോട്ടീസ് ആരോപിക്കുന്നു.
അലോപ്പതിയെയും, അലോപ്പതി ഡോക്ടര്‍മാരെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രേഖാമൂലം ഖേദപ്രകടനം നടത്തണമെന്ന് നോട്ടീസില്‍ ഐ എം എ ആവശ്യപ്പെടുന്നു. 15 ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നഷ്ടപരിഹാരമായി 1000 കോടി രൂപ നല്‍കണം എന്നാണ് നോട്ടീസ് പറയുന്നത്.
ബാബ രാംദേവിന്റെ സ്ഥാപനം പുറത്തിറക്കിയ കൊറോണില്‍ കിറ്റിന്റെ പരസ്യം പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ ഇതിനെതിരെ ഐ എം എ ക്രിമിനല്‍ കേസ് നല്‍കുമെന്നും നോട്ടീസില്‍ പറയുന്നു.
കോവിഡ് രോഗികളിലെ ചികിത്സയ്ക്കായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്കിയ റംഡിസീവര്‍, ഫവിഫ്‌ലൂ തുടങ്ങിയ മരുന്നുകള്‍ പരാജയമാണെന്നാണ് രാംദേവ് പറഞ്ഞത്. അലോപതി ചികിത്സ വിഡ്ഢിത്തമാണെന്ന രാംദേവിന്റെ പ്രസ്താവനയ്‌ക്കെതിരെ ഐ എം എ നേരത്തേ രംഗത്തെത്തിയിരുന്നു.
പരാമര്‍ശം വിവാദമായതോടെ രാംദേവിനോട് പ്രസ്താവന പിന്‍വലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്തി ഹര്‍ഷവര്‍ധന്‍ ആവശ്യപ്പെട്ടിരുന്നു. അലോപ്പതി മരുന്നുകള്‍ രാജ്യത്തെ കോടിക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്. കോവിഡ് മുന്നണിപ്പോരാളികളുടെ ആത്മധൈര്യം ചോര്‍ത്തുന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് രാംദേവിനു നല്കിയ കത്തില്‍ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പിന്നാലെ രാംദേവ് പ്രസ്താവന പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതില്‍ തൃപ്തരാകാതെയാണ് ഐഎംഎ ഘടകത്തിന്റെ പുതിയ നീക്കം.