യാസ് ചുഴലിക്കാറ്റ്; വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു, റാന്നി താലൂക്കിൽ 500 കുടുംബങ്ങൾ ഒറ്റപ്പെട്ടതായി റിപ്പോർട്ട്

തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. 26/05/21 ബുധനാഴ്ച രാവിലെ ഒഡീഷയിൽ തീരംതൊട്ട ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലായിരുന്നെങ്കിലും കേരളത്തിൽ വിവിധ ജില്ലകളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 29/05/21 ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്.

കനത്ത മഴയെ തുടർന്ന് ഇടുക്കി കല്ലാർകുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ കനത്ത മഴയെ തുടർന്ന് പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. അരയാണിലിമൺ, കുറുമ്പൻമൂഴി കോസ് വേകളിലും പമ്പ, അച്ചൻകോവിൽ, മണിമലയാർ നദികളിൽ ജലനിരപ്പ് ഉയർന്നതായും റിപ്പോർട്ട്.

റാന്നി താലൂക്കിൽ കനത്ത മഴയിൽ 500 കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. ഇവിടേക്ക് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം പുറപ്പെട്ടിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം