സിബിഐ ഡയറക്ടർ നിയമനത്തിൽ ജസ്റ്റിസ് രമണ നിലപാട് കടുപ്പിച്ചു, ലോക് നാഥ് ബഹറയ്ക്കും വഴിയടഞ്ഞു

ന്യൂഡൽഹി: പുതിയ സിബിഐ ഡയറക്ടർ നിയമനത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കർശന നിലപാട് സ്വീകരിച്ചത് കേരള ഡിജിപി ലോക് നാഥ് ബെഹ്റയ്ക്ക് തിരിച്ചടിയായി.

സിബിഐ മേധാവി നിയമനത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ നിയമനകാര്യ സമിതിയിൽ നിലപാട് എടുത്തതാണ് ബെഹ്റയടക്കമുള്ള സീനിയർ ഐപിഎസ് ഉദ്യോഗസ്ഥർക്ക് തിരിച്ചടിയായത്.

പ്രധാനമന്ത്രി, ലോകസഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് സിബിഐ മേധാവിയായി പരിഗണിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്. ഈ സമിതിയുടെ 24/05/21 തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് വിരമിക്കാൻ ആറ് മാസത്തിലധികം ഉള്ളവരെ മാത്രം സിബിഐ മേധാവി പദവിയിലേക്ക് പരിഗണിച്ചാൽ മതിയെന്ന സുപ്രീംകോടതി ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ നിലപാട് സ്വീകരിച്ചത്.

ചീഫ് ജസ്റ്റിസിന്റെ ഈ നിലപാടോടെ സി.ബി.ഐ. ഡയറക്ടർ സ്ഥാനത്തേക്ക് കേന്ദ്ര സർക്കാർ പരിഗണിച്ചിരുന്ന രാകേഷ് അസ്താന, വൈ.സി. മോദി എന്നിവരും ചുരുക്കപ്പട്ടികയിൽനിന്ന് ഒഴിവായി.

ബി.എസ്.എഫ്. മേധാവി രാകേഷ് അസ്താന ഓഗസ്റ്റ് 31-നാണ് വിരമിക്കുന്നത്. എൻ.ഐ.എ. മേധാവി വൈ.സി. മോദി മെയ് 31-നും വിരമിക്കും. 1985 ഐ. പി.എസ്. ബാച്ചിലെ സീനിയോറിറ്റിയിൽ മുൻപന്തിയിൽ ആയിരുന്നെങ്കിലും കേരള ഡി.ജി.പി. ലോക്നാഥ് ബെഹ്റയും ഒഴിവാക്കപ്പെട്ടത് ചീഫ് ജസ്റ്റിസ് എൻ.വി. രമണ മുന്നോട്ട് വച്ച നിലപാട് കാരണമാണ്. ജൂൺ 30-ന് ആണ് ഡി.ജി.പി. ബെഹ്റ സർവീസിൽ നിന്ന് വിരമിക്കുന്നത്.

സി.ബി.ഐ. ഡയറക്ടറായി തെരഞ്ഞെടുക്കുന്നതിന് സുബോധ് കുമാർ ജയ്സ്വാൾ, കുമാർ രാജേഷ് ചന്ദ്ര, വി.എസ്.കെ. കൗമുദി എന്നിവരടങ്ങുന്ന പട്ടികയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷയിലുള്ള സമിതി തയ്യാറാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →