ന്യൂഡൽഹി: കോവിഡ് ദുരിതങ്ങൾക്കിടയിൽ മാതൃകാ നടപടികളുമായി ടാറ്റാ സ്റ്റീൽ.
കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് ശമ്പളം നല്‍കുമെന്ന് ടാറ്റ സ്റ്റീല്‍ 25/05/21 ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത്. കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരന് അവസാനമായി വാങ്ങിയ ശമ്പളം അയാള്‍ക്ക് അറുപത് വയസ് പ്രായമാകുന്ന സമയം വരെ കുടുംബത്തിന് നല്‍കുമെന്നാണ് ടാറ്റ സ്റ്റീല്‍ വ്യക്തമാക്കിയത്.
മെഡിക്കല്‍ സൌകര്യങ്ങളും വീട് അടക്കമുള്ളവയും കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് ലഭ്യമാകുമെന്നും ടാറ്റ സ്റ്റീല്‍ വ്യക്തമാക്കി.
കൊവിഡ് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ജോലിക്കിടയില്‍ മരണമടഞ്ഞാല്‍ അവരുടെ കുട്ടികളുടെ ബിരുദം വരെയുള്ള വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ ചെലവും വഹിക്കുമെന്നും ടാറ്റ കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ ഒരു ചെറിയ ഭാഗം ഞങ്ങള്‍ ചെയ്യുന്നു നിങ്ങളും സാധിക്കുന്ന പോലെ ചുറ്റുമുള്ളവരെ സഹായിക്കൂവെന്നാണ് ജാംഷെഡ്പൂര്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പ്രഖ്യാപനത്തോടൊപ്പം ട്വീറ്റ് ചെയ്തിരിക്കുന്നത്.