കോഴിക്കോട്: ബാലുശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന നടന് ധര്മജന് ബോള്‍ഗാട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ് തെരഞ്ഞെടുപ്പ് മണ്ഡലം കമ്മറ്റി ജനറല്‍ കണ്‍വീനര്‍. ധര്മജന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗിരീഷ് മൊടക്കല്ലൂര്‍ പറഞ്ഞു. രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തെന്നും തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും ധര്മജന് കഴിഞ്ഞദിവസം കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു.
സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വന്തം നിലയില്‍ പ്രചരണത്തിന് പണം കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ തെരഞ്ഞെടുപ്പ കമ്മറ്റി സംഭാവന സ്വീകരിക്കുന്നത് സാധാരണമാണ്. ഫണ്ടില്ലാത്തതിനാല്‍ പ്രചരണം മുന്നോട്ടുപോകില്ലെന്ന ഘട്ടത്തിലാണ് സ്ഥാനാര്‍ത്ഥിയുടെ അനുമതിയോടെ ചില പ്രധാന വ്യക്തികളില്‍നിന്ന് സംഭാവന സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് ഗിരീഷ് പറയുന്നു. രസിത് നല്‍കിയാണ് പണം പിരിച്ചത്. 80,000 രൂപമാത്രമാണ് ഇത്തരത്തില്‍ ലഭിച്ചത്. ഇത് തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്ന കെപിസിസി നിര്‍വാഹക സമിതി അംഗത്തേയും ഡിസിസി ഭാരവാഹിയേയും ഏല്‍പ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള മുഴുവന്‍ കാര്യങ്ങളും ഈ നേതാക്കളാണ് കൈകാര്യം ചെയ്തിട്ടുളളത്. സാമ്പത്തിക കാര്യങ്ങള്‍ ഒന്നും തെരഞ്ഞെടുപ്പ കമ്മറ്റിയെ അറിയിക്കാറില്ല.
സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ധര്മജന് വന്‍ പരാജയമായിരുന്നു. മുമ്പ് മത്സരിച്ച ഒരു യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഇത്രയും വലിയ പരാജയം ഏറ്റുവാങ്ങിയിട്ടില്ല. രാവിലെ ആറിന് കോളനി സന്ദര്‍ശിക്കാന്‍ കമ്മറ്റി തീരുമാനിച്ചെങ്കിലും ഒരുദിവസം പോലും ധര്മജന് അതിന് തയാറായിട്ടില്ല.സന്ധ്യക്കുശേഷം സ്ഥാനാര്ത്ഥിയെവിടെയാണെന്ന് ഒരാള്‍ക്കുപോലും അറിയില്ല. രാവിലെ പത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രത്യക്ഷപെടാറുളളത്. ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി പര്യടനം കമ്മറ്റിയുടെ അറിവിലോ നിയന്ത്രണത്തിലോ അല്ല നടന്നിട്ടുളളത്. രണ്ടാം ഘട്ട പര്യടനം വേണ്ടെന്നുവച്ചതും കമ്മറ്റിയല്ല. പരമാവധി കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കാനാണ് കമ്മറ്റി തീരുമാനിച്ചത്. എംപി ഉള്‍പ്പടെ ഈ കുടുംബ സംഗമങ്ങളില്‍ എത്തുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയും പികെ കുഞ്ഞാലിക്കുട്ടിയും ബാലുശേരിയിലെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.
വോട്ടെണ്ണല്‍ ദിവസം സ്ഥാനാര്‍ത്ഥി ബാലുശേരിയില്‍ വന്നതേയില്ല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ണികുളത്ത് സിപിഎം നടത്തിയ അക്രമങ്ങളില്‍ ഒട്ടേറെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. പലരേയും പോലീസ് കളളക്കേസില്‍ പ്രതികളാക്കി. സ്ഥാനാര്‍ത്ഥിയായിരുന്ന ധര്മജന് അവിടെ സന്ദര്‍ശനം നടത്താന്‍ തയാറായിട്ടില്ല ആത്മാര്‍ത്ഥമായ പ്രവര്‍ത്തിച്ച യുഡിഎഫ് പ്രവര്‍ത്തകരോട് ധര്മജന് നന്ദികേടാണ് കാണിക്കുന്നത്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് രണ്ടുമാസം മുമ്പ് ധര്‍മജനെ സ്ഥാനാര്‍ത്ഥി വേഷം കെട്ടിച്ച് ബാലുശേരില് അവതരിപ്പിച്ചത് രണ്ട് കോണ്‍ഗ്രസ് നേതാക്കളാണ്. ബാലുശേരിയില്‍ ജനങ്ങളുമായി ബന്ധമുളള നിരവധിപേര്‍ സ്ഥാനാര്‍ത്ഥിയാവാന്‍ യോഗ്യതയുളളവര്‍ ഉണ്ടായിരുന്നിട്ടും ധര്‍മജനെ സ്ഥാനാര്ത്തിയാക്കിയതിന് പിന്നിലെ താല്പര്യം ദുരൂഹമാണെന്നും ചില ആളുകളുടെ പ്രേരണയില്‍ യാഥാര്‍ത്ഥ്യം മനസിലാക്കാതെയാണ് ധര്മജന് കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയതെന്നും, ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഗിരീഷ് മൊടക്കല്ലൂര്‍ ആവശ്യപ്പെട്ടു.

