കോട്ടയത്ത് ഒരു പ്രണയകാലത്ത് എന്ന ഷോർട്ട് ഫിലിം മൂന്നുവർഷത്തിനുശേഷം റിലീസ് ചെയ്യുന്നു

വീൽചെയറിലിരുന്ന് കൊണ്ട് അലൻവിക്രാന്ത് സംവിധാനം ചെയ്ത കോട്ടയത്ത് ഒരു പ്രണയകാലത്ത് എന്ന ഷോർട്ട് ഫിലിം മൂന്നു വർഷത്തിന് ശേഷം ഇപ്പോൾ റിലീസ് ചെയ്യുന്നു. ഈ ഷോർട്ട് ഫിലിം ഇപ്പോൾ ജനശ്രദ്ധ നേടുകയാണ്.

സംവിധായകനും ഛായാഗ്രാഹകനുമായ അലൻ സുഹൃത്ത് നിതിൻ ആൻഡ്രൂസിനൊപ്പം 2018 ൽ വാഹനാപകടം സംഭവിക്കുകയും അപകടത്തെ തുടർന്ന് നിതിൻ മരണപ്പെടുകയും അലൻ കഴുത്തുമുതൽ താഴേയ്ക്ക് തളർന്നു വീൽചെയറിൽ ആവുകയും ചെയ്തു.

ചിത്രത്തിന്റെ ട്രയൽ ഷൂട്ടിംഗിന് ശേഷമായിരുന്നു അപകടം സംഭവിച്ചിരിക്കുന്നത്. പിന്നീട് ട്രയൽ ഷൂട്ടിംഗ് ഫൂട്ടേജ് ഉപയോഗിച്ച് കൊണ്ട് വീൽചെയറിലിരുന്ന് കൊണ്ടാണ് ബാക്കി മുഴുവൻ വർക്കുകളും അലൻ പൂർത്തീകരിച്ചത്.

അതിനിടയിൽ ഫൂട്ടേജ് നഷ്ടപ്പെട്ടത് ഉൾപ്പെടെ ഒട്ടേറെ പ്രതിസന്ധികൾ ചിത്രം നേരിട്ടുവെങ്കിലും തന്റെ പ്രിയ സുഹൃത്ത് നിധിൻ അവസാനമായി അഭിനയിച്ച ചിത്രം ആയതിനാൽ എങ്ങനെയും റിലീസ് ചെയ്യണമെന്ന് ദൃഢനിശ്ചയത്തിൽ അലനും സുഹൃത്തുക്കളും ചേർന്ന് ഫിലിം പൂർത്തീകരിക്കുകയായിരുന്നു.

അലൻ വിക്രാന്ത്, നിതിൻ ആൻഡ്രൂസ് , സാൻഡി സീറോ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോൾ മലയാളം തമിഴ് ഉൾപ്പെടെ നാല് ഭാഷകളിൽ പാൻ ഇന്ത്യ മൂവി സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അലൻ.

2016 ൽ കൊച്ചി ഗുഡ്നെസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ സിനിമട്ടോഗ്രാഫി പഠനം പൂർത്തിയാക്കി ഇറങ്ങുകയും പഠിച്ച് ഇറങ്ങിയപ്പോൾ തന്നെ ആ വർഷത്തെ മികച്ച സംവിധായകനും സിനിമട്ടോഗ്രാഫർ ക്കുമുള്ള സ്വർണമെഡൽ നേടുകയും ചെയ്തു. പഠനശേഷം സിനിമകളിലും വെബ്സീരിസുകളിലും അനേക ഷോർട്ട് ഫിലിമുകളിലും അലൻ വർക്ക് ചെയ്തു.

പിന്നീട് അലനും സുഹൃത്തായ നിധിനും ചേർന്ന് ഗ്രീൻ വേൾഡ് മീഡിയ എന്ന പേരിൽ ഫിലിം പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോ ആരംഭിക്കുകയായിരുന്നു. അതിനിടയിൽ അഭിനയത്തോട് താൽപര്യമുണ്ടായിരുന്ന അലന് തമിഴ് സിനിമയിലേക്ക് സെക്കൻഡ് ഹീറോയായി അവസരം ലഭിച്ചിരുന്നു. അലൻ സെബാസ്റ്റ്യൻ എന്ന പേരിൽ നിന്നും അലൻ വിക്രാന്ത് എന്ന പേര് സ്വീകരിക്കുന്നതും അപ്പോഴാണ് .

പ്രൊഡക്ഷൻ കമ്പനിയുമായി എഗ്രിമെൻറ് ഒപ്പിട്ടു അതിനായി ഒരുങ്ങി ഇരിക്കുമ്പോഴാണ് നിർഭാഗ്യവശാൽ അപകടം സംഭവിക്കുന്നത്. കണ്ണൂർ ഇരിട്ടി പയ്യാവൂർ സ്വദേശിയാണ് അലൻ വിക്രാന്ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →