തിരുവനന്തപുരം: അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രചരിപ്പിക്കുന്ന ടിവി സീരിയലുകള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് സാസംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാന്. 2019 ല്‍ 28ാമത് കേരള സംസ്ഥാന ടെലിവിഷന്‍ പുര്കാരങ്ങള് പ്രഖ്യാപിച്ചപ്പോള്‍ മികച്ച ടിവി പരമ്പരക്കുളള പുരസ്കാരങ്ങള്‍ നല്‍കിയിരുന്നില്ല . മികച്ച ടെലി സീരിയല്‍ ആയി തെരഞ്ഞെടുക്കാന്‍ യോഗ്യമായ ഒന്നും ഇല്ലായെന്നാണ് ജൂറി വിലയിരുത്തിയത്.
രാജ്യത്ത് വര്‍ഗീയ ശക്തികള്‍ക്ക് വളരാനുളള സാഹചര്യം സൃഷ്ടിക്കുന്നതില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിബോധവും മതഭ്രാന്തും ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പണ്ടുകാലത്ത് മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങള്‍ ആയിരുന്നെങ്കില്‍ ഇന്ന് അതുമാറി സീരിയലുകളാണ് ജനങ്ങള്കാണുന്നത്. സാംസ്കാരിക മേഖലയുമായി ബന്ധപ്പെടുത്തിയുളള നയരൂപീകരണം നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റല്‍ റിലീസ് പ്ലാറ്റ്ഫോമുകള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ലഭിച്ച സ്വീകാര്യതയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒഡിഡി പ്ലാറ്റ്ഫോം കൊണ്ടുവരുന്ന കാര്യം പരിഗണിക്കും. സിനിമാ മേഖലയില്‍ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാക്കേജ് കൊണ്ടുവരുന്ന കാര്യവും ആലോചനയിലുണ്ട്.
കോവിഡ് ബാധക്കുശേഷം സിനിമാ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാണാണെന്നും ദിവസവേതനക്കാര്‍ ഉള്‍പ്പടെയുളള ജീവനക്കാരുടെ ജീവിതം ബുദ്ധിമുട്ടിലായിരിക്കുന്ന സ്ഥിതിവിശേഷമാണ് കേരളത്തില്‍ ഉടലെടുത്തതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. നാടകമേഖലയിലും സമാന സാഹചര്യം നിലനില്ക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നാടകാവതരണവും നാടക പ്രവര്‍ത്തനങ്ങളും താളം തെറ്റിയ അവസ്ഥയാണ് കേരളത്തില്‍ ഉളളതെന്നും അദ്ദേഹം പറഞ്ഞു.

