കോഴിക്കോട്: കോണ്‍ഗ്രസിന് പിന്നാലെ നേതൃതലത്തില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിക്കൊരുങ്ങി മുസ്ലിം ലീഗ്. സംഘടനാ തെരഞ്ഞെടുപ്പ് നടത്തി കീഴ്ഘടകങ്ങള്‍ മുതല്‍ ദേശീയ തലത്തില്‍ വരെ തലമുറമാറ്റത്തിനാണ് ലീഗിനുള്ളില്‍ മുന്നൊരുക്കങ്ങള്‍ നടക്കുന്നത്. ലീഗില്‍ പുതിയ നേതൃനിരയും പ്രവര്‍ത്തന ശൈലിയും വരുമെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി 22/05/21 ശനിയാഴ്ച വ്യക്തമാക്കി. പാര്‍ലമെന്ററി ചുമതലകള്‍ വഹിക്കുന്നതിനാല്‍ സംസ്ഥാനതലത്തിലെ സംഘടനാ ചുമതല താന്‍ ഏറ്റെടുക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അണികളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും ഉള്‍ക്കൊണ്ട് അടിമുടി മാറാനാണ് ലീഗ് തീരുമാനം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ പോലും തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ ലീഗിനും അഴിച്ചുപണി ആവശ്യമാണെന്ന് ഉന്നതാധികാര സമിതി തീരുമാനമെടുക്കുകയായിരുന്നു.

