തിരുവനന്തപുരം: വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ നേതാവിനെ തെരെഞ്ഞെടുക്കാന്‍ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തിരുന്നു. വി.ഡി സതീശനെ നേതാവായി തെരെഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു എന്നായിരുന്നു ചെന്നിത്തലയുടെ ആദ്യ പ്രതികരണം.
വി.ഡി സതീശന് അഭിനന്ദനങ്ങളും ആശംസകളും ചെന്നിത്തല അറിയിച്ചു. പ്രതിപക്ഷ നേതാവായി ഹൈക്കമാന്റ് തീരുമാനിച്ച വി.ഡി സതീശന് തിളങ്ങാനാകട്ടെയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.
സ്പീക്കര്‍ക്ക് ഉടന്‍ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി സതീശന്റെ പേര് നിര്‍ദ്ദേശിച്ച കത്ത് നല്‍കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രകടനം പ്രശംസനീയമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.