തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോവിഡ് രോഗി ആത്മഹത്യാ ഭീഷണി മുഴക്കിയത് പരിഭ്രാന്തി പരത്തി. കോവിഡ് വാര്‍ഡായ 28ല്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കമുകിന്‍കുഴി സ്വദേശി രവീന്ദ്രന്(58) ആണ് സണ്‍ഷെയ്ഡില്‍ ഇറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയത്. 2021 മെയ് 21 ന് വൈകിട്ട് മൂന്നുമണിയടെയാണ് സംഭവം. മൂന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് വാര്‍ഡില്‍നിന്ന് ജീവനക്കാരുടെ കണ്ണ് വെട്ടിച്ച പുറത്തിറങ്ങിയ ഇയാള്‍ റാമ്പിലൂടെ ഒരുനില താഴെയിറങ്ങി വരാന്തയിലൂടെ നടന്ന് നീങ്ങുന്നതിനിടെ സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് അറ്റകുറ്റ പണി നടക്കുകയായിരുന്ന ഏഴാംവാര്ഡിലേക്ക് ഓടികയറുകയും അവിടെനിന്ന് ജനാലവഴി പുറത്തിറങ്ങി അത്യാഹിത വിഭാഗത്തിന് മുകളിലെ സണ്‍ഷെയ്ഡില്‍ ചാടി. അവിടെനിന്ന് താഴേക്കിറങ്ങാന്‍ സാധിക്കാതെ മരണപ്പെട്ട അമ്മയെ കാണണമെന്ന് ആവശ്യമുന്നയിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
കോവിഡ് ബാധിതനായതോടെ ഉണ്ടായ മാനസിക സമ്മര്‍ദ്ദത്തിലാണ് ഇയാള്‍ മരണപ്പെട്ട അമ്മയെ കാണണമെന്ന് ആവശ്യപ്പെട്ട് പുറത്തിറങ്ങിയത്. ഉച്ചക്ക് ഓക്സിജന്‍ എത്തിക്കാന്‍ വേണ്ടി തുറന്ന വാതിലിലൂടെയാണ് പുറത്തിറങ്ങിയത്. ഒരാഴ്ചമുമ്പ് രവീന്ദ്രന്റെ അമ്മായി മരണപ്പെട്ടിരുന്നു. അത്യാഹിത വിഭാഗത്തിന് മുന്നില്‍ പിപിഇ കിറ്റ് ധരിച്ചുനില്ക്കുകയായിരുന്ന ജീവനക്കാര്‍ സണ്‍ഷെയ്ഡില്‍ കയറി ഇയാളെ തടഞ്ഞതോടെയാണ് ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിക്കാന് കഴിഞ്ഞത്. തുര്‍ന്ന് ചാക്കയില്‍ നിന്ന് അഗ്നി ശമന സേനാംഗങ്ങള്‍ എത്തി അനുനയിപ്പിച്ച് നിലത്തിറക്കുകയായിരുന്നു. ഇയാളെ പിന്നീട് തുടര്‍ ചികിത്സക്കായി വാര്‍ഡില്‍ തിരികെ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലെ 28ാം വാര്‍ഡ് മുമ്പും വിവദങ്ങള്‍ സൃഷ്ടിച്ചിട്ടുളളതാണ്. ഗുരുതരാവസ്ഥയിലുളള രോഗികളെയാണിവിടെ പ്രവേശിപ്പിക്കുന്നത്. കോവിഡ് രോഗിയെ തറയില്‍ കിടത്തി ചികിത്സിക്കുകയും, ദാഹജലം ചോദിച്ച മറ്റൊരു രോഗിയെ നഗ്നനായി കെട്ടിയിട്ട് ചികിത്സിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വാര്‍ഡ് മുഴുന്‍ നടന്ന് വീഡിയോ ചിത്രീകരിച്ചിട്ടും ഒരു ജീവനക്കാരനെപ്പോലും കാണാന്‍ കഴിഞ്ഞിരുന്നില്ല. ഈ സംഭവം വിവാദമായതിന് തൊട്ടടുത്ത ദിവസമാണ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് കോവിഡ് രോഗി പുറത്തിറങ്ങി ആത്മഹത്യാഭീഷണി മുഴക്കിയത്. മാനസികാരോഗ്യ വിദഗ്ദര്‍ ഇയാളെ പരിശോധിക്കുന്നുണ്ട് .