പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് അടൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടന്നുവരുന്നതെന്നും ഇതിന്റെ ഭാഗമായി 200 കിടക്കകളുള്ള സി.എഫ്.എല്‍.ടി.സി ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്നും നഗരസഭാ അധ്യക്ഷന്‍ ഡി.സജി പറഞ്ഞു. അടൂര്‍ ഓള്‍ സയന്‍സ് സ്‌കൂളിലാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തന സജ്ജമാകുന്നത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 30 ഓക്‌സിജന്‍ ബെഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അടൂര്‍ ജനറല്‍ ആശുപത്രിയിലെ പേവാര്‍ഡിനോട് അനുബന്ധിച്ച കോവിഡ് പരിശോധനയ്ക്കായുള്ള സ്രവ ശേഖരണ കേന്ദ്രം അടൂര്‍ ഐഎച്ച്ആര്‍ടിയിലേക്ക് മാറ്റി പേവാര്‍ഡില്‍ കോവിഡ് ചികില്‍സയ്ക്കായി 40 ബെഡുകള്‍ കൂടി സജ്ജീകരിച്ചു.
നഗരസഭ ഒരു ആംബുലന്‍സ് 24 മണിക്കൂറും കോവിഡ് പ്രതിരോധ അനുബന്ധ ആവശ്യങ്ങള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആംബുലന്‍സ് സേവനം നടത്തുന്ന എട്ട് അംബുലന്‍സ് ഉടമകളുമായി നഗരസഭ ധാരണയില്‍ എത്തിയിട്ടുണ്ട്. കോവിഡ് രോഗികള്‍ക്കും, അത്യാവശ്യ പരിശോധനയ്ക്ക് പോകേണ്ടവര്‍ക്കുള്‍പ്പെടെ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 20 പാര്‍ട്ടീഷന്‍ ചെയ്ത ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് കൊടുത്തിട്ടുണ്ട്. ഹോമിയോ പ്രതിരോധ മരുന്ന് എല്ലാ വാര്‍ഡുകളിലും നഗരസഭയുടെ നേതൃത്വത്തില്‍ ആദ്യഘട്ട വിതരണം നടത്തി. രണ്ടാം ഘട്ടം ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ഉടന്‍ ആരംഭിക്കും. ആയൂര്‍വേദ പ്രതിരോധ മരുന്ന് നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും വരും ദിവസങ്ങളില്‍ വിതരണം നടത്തും.
നഗരസഭയുടെ പറക്കോട്ടെ ജനകീയ ഹോട്ടലില്‍ നിന്ന് സൗജന്യ ഭക്ഷണ വിതരണം നടത്തിവരുന്നു. നഗരസഭ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ദിവസവും 250 മുതല്‍ 300 ഭക്ഷണപൊതികള്‍ വരെ ഉച്ചക്ക് വിതരണം ചെയ്യുന്നുണ്ട്.
അടൂര്‍ നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കോവിഡ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നഗരസഭ വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് നടത്തിവരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധക്കേണ്ടതും പാലിക്കേണ്ടതുമായ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ നഗരസഭ ലഘുലേഖയായി തയാറാക്കി എല്ലാ വീടുകളിലും വിതരണം നടത്തി.
അടൂര്‍ നഗരസഭാ ചെയര്‍മാന്റെ ഓക്‌സീ മീറ്റര്‍ ചലഞ്ചിന്റെ ഭാഗമായി 100 ഓക്‌സീ മീറ്ററുകളാണ് ലഭിച്ചത്. ഇവ എല്ലാ വാര്‍ഡുകളിലെയും ജാഗ്രതാ സമിതികള്‍ക്ക് മൂന്ന് എണ്ണം എന്ന കണക്കില്‍ വിതരണം നടന്നുവരുന്നു. സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്‌കൂള്‍ ബസുകള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ യാത്രാ സൗകര്യങ്ങള്‍ക്കായി നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി.സജി പറഞ്ഞു.