ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടി സ്വാഗതം ചെയ്ത് കത്തോലിക്ക സഭ

കൊച്ചി : ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടി സ്വാഗതം ചെയ്ത് കത്തോലിക്ക സഭ. നാളുകളായുള്ള ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യമായിരുന്നു ഇത്തരം ഒരു നടപടിയെന്നും, ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ വിവേചനം അവസാനിപ്പിക്കാൻ ഇത് ഇടയാക്കുമെന്നും സഭ 21/05/21 വെള്ളിയാഴ്ച പ്രതികരിച്ചു. ഭാരത കത്തോലിക്ക മെത്രാൻ സമതിയുടെ ലെയിറ്റി കൗൺസിലും കേരള കത്തോലിക്ക സഭാ മെത്രാൻ സമതിയുമാണ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ സർക്കാരുമായി കത്തോലിക്ക സഭ ഏറ്റുമുട്ടിയിരുന്ന വിഷയമായിരുന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങൾ. കടുത്ത വിവേചനമാണ് ക്രൈസ്തവർ വകുപ്പിൽ നിന്ന് നേരിടുന്നതെന്ന് ചൂണ്ടിക്കാട്ടി ഭാരത കത്തോലിക്ക മെത്രാൻ സമതിയും, കേരള കത്തോലിക്ക മെത്രാൻ സമതിയും പല തവണ രംഗത്തെത്തിയിരുന്നു. ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഈ വകുപ്പ് മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സഭാനേതൃത്വം പരസ്യമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമതിയുടെ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ വി സി സെബാസ്റ്റ്യൻ പറഞ്ഞു.

ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിലനിൽക്കുന്ന വിവേചനം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുമെന്നും ഏറ്റവും ഉചിതമായ തീരുമാനമാണിതെന്നും കേരള കത്തോലിക്ക മെത്രാൻ സമതി വക്ക്താവ് ഫാ.ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →