തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ നിയമനത്തില്‍ പാർടി പിടിമുറുക്കുന്നു. സിപിഐഎം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരില്‍ പാര്‍ട്ടിക്കാര്‍ മതിയെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം കൂട്ടില്ല. നിലവിലെ അംഗ സംഖ്യയായ 25 തന്നെ തുടരും. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഡെപ്യൂട്ടേഷനില്‍ വരുന്ന ഉദ്യോഗസ്ഥരില്‍ 51 വയസ്സില്‍ കൂടുതലുള്ളവര്‍ വേണ്ടെന്നും പാര്‍ട്ടി തീരുമാനമെടുത്തു. സര്‍ക്കാര്‍ കാലാവധിക്ക് മുമ്പ് വിരമിക്കുന്നവരെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളാക്കേണ്ടെന്ന തീരുമാനത്തിനു പുറത്താണിത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും മന്ത്രിമാരെ നിയമിച്ചതിലുമുള്ള അതേ കണിശതയാണ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമനത്തിലും സിപിഐഎം കൊണ്ടു വരുന്നത്. കഴിഞ്ഞ ഭരണ സമയത്ത് സര്‍ക്കാരിന് പേരുദോഷമുണ്ടാക്കിയത് മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളുടെ വീഴ്ചയുടെ പുറത്തായിരുന്നു. അത് ആവര്‍ത്താക്കാതിരിക്കാനാണ് സിപിഐഎം ശ്രമം.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംപിയുമായിരുന്നു കെകെ രാഗേഷിനെയാണ് നിയമിക്കുന്നത്. പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നേരത്തെയുണ്ടായിരുന്ന പുത്തലത്ത് ദിനേശന്‍ തുടര്‍ന്നേക്കും.