കാക്കനാട്: 82 പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും, കോര്‍പ്പറേഷനിലും ഡിസിസി/ എഫ്എല്‍ടിസികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ജില്ലാ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഉല്ലാസ് തോമസ് അറിയിച്ചു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും മെയ് 15ന് മുമ്പ് പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് നിര്‍ദേശം.
അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിയും പ്രത്യേകം നിയോഗിച്ചിട്ടുള്ള നോഡല്‍ ഓഫീസറും ഇതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ / റീജണൽ ജോയിന്റ് ഡയറക്ടർ റിപ്പോര്‍ട്ട് നല്‍കണം.
പഞ്ചായത്ത്- വാര്‍ഡ് തലങ്ങളില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (RRP) രൂപീകരിച്ചിട്ടുണ്ട്. ആവശ്യമനുസരിച്ച് കൂടുതല്‍ സന്നദ്ധ സേവകരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകണം. ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത 20000 സന്നദ്ധ സേവകരെ അതാത് പഞ്ചായത്തുകളില്‍ ഉപയോഗപ്പെടുത്തണം. അവരെ ഉപയോഗിച്ച് കോവിഡ് പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും ആവശ്യക്കാര്‍ക്ക് മരുന്നും എത്തിച്ച് നല്‍കണം. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആമ്പുലന്‍സ് സേവനവും ഏര്‍പ്പെടുത്തണം.
പഞ്ചായത്ത് തലത്തില്‍ കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി ഇന്‍സ്റ്റന്റ്റ് റസ്‌പോണ്‍സ് സിസ്റ്റം (IRS) നിലവില്‍ വന്നു. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, സെക്രട്ടറി, വില്ലേജ് ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതി എല്ലാ ദിവസവും രണ്ടുമണിക്ക് സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള സ്‌കൂളുകളിലെ അധ്യാപകരെയും/ അനധ്യാപകരെയും കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ക്രമമനുസരിച് ( ടേൺ) പ്രയോജനപ്പെടുത്തണം. വാക്സിനേഷനുമായി ബന്ധപ്പെട്ട് തിരക്കൊഴിവാക്കാന്‍ പുതിയ മാര്‍ഗ നിര്‍ദേശം മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും പഞ്ചായത്തുകള്‍ക്കും നല്‍കിയിട്ടുണ്ട്. ഇതോടെ ഇനിയുള്ള ദിവസങ്ങളില്‍ വാക്സിന്‍ സെന്ററുകളില്‍ തിരക്ക് ഒഴിവാകും.
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന സംശയ നിവാരണത്തിനും ഗവണ്‍മെന്റ് ഉത്തരവുകളില്‍ വ്യക്തത വരുത്തുന്നതിനും പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ ക്രൈസിസ് മാനേജ്‌മെന്റ് കളക്ടറേറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു.
നിലവില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസി/ എഫ്എല്‍ടിസികള്‍ വെള്ളം കയറുന്ന പ്രദേശത്ത് ഉള്ളവയുണ്ടെങ്കില്‍ ഉടന്‍ തന്നെ ഇവ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. മാത്രവുമല്ല വരുന്ന മഴക്കാലം മുന്നില്‍ കണ്ട് മുന്‍ വര്‍ഷങ്ങളില്‍ വെള്ളം കയറുകയോ വെള്ളം കയറാന്‍ സാധ്യതയുള്ളതോ ആയ പ്രദേശങ്ങള്‍ ഒഴിവാക്കി വേണം പുതുതായി ഡിസിസി/ എഫ്എല്‍ടിസികള്‍ ആരംഭിക്കാനെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കോ – ചെയര്‍മാന്‍ കൂടിയായ ഉല്ലാസ് തോമസ് അറിയിച്ചു.