കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പരിശീലനം ലഭിച്ച മെഡിക്കല്‍ ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തി താഴേത്തട്ടില്‍ ടെലിമെഡിസിന്‍ സേവനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് അറിയിച്ചത്. എല്ലാ പഞ്ചായത്തുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ലക്ഷ്യമാക്കി ഹെല്പ് ഡെസ്‌കുകള്‍ കാര്യക്ഷമമാക്കണം.
രോഗവ്യാപനനിരക്ക് കുറയ്ക്കുന്നതിന് വാര്‍ഡുതല സമിതികളും ആര്‍.ആര്‍.ടികളും ഊര്‍ജിതമായി പ്രവര്‍ത്തിക്കണം. പരിശീലനം ലഭിച്ച പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വോളന്റിയേഴ്സിന്റെ സേവനം പ്രയോജനപെടുത്തും. സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് ഒ. പി ആരംഭിക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കും. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് അമിത ചാര്‍ജ്ജ് ഈടാക്കുന്നത് പരിശോധിച്ച് നടപടി സ്വീകരിക്കും. ഓക്‌സിജന്‍ വാര്‍റൂം മികച്ച ഏകോപനത്തോടെ പ്രവര്‍ത്തിക്കണം-കലക്ടര്‍ വ്യക്തമാക്കി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, എ. ഡി. എം. ടിറ്റി ആനി ജോര്‍ജ്ജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത, കെ.എം.എം.എല്‍. മാനേജിങ് ഡയറക്ടര്‍ ജെ. ചന്ദ്രബോസ് തുടങ്ങിയവര്‍ പങ്കെടുത്തു.