വാഷിംഗ്ടണ്‍: വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യത നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് റദ്ദാക്കില്ലെന്ന് അറിയിച്ച് കമ്പനി. മെയ് 15നുള്ളില്‍ സ്വകാര്യത നയം അംഗീകരിക്കണമെന്ന അറിയിപ്പും വാട്സ്ആപ്പ് എടുത്തുകളഞ്ഞു.
പേരന്റ് കമ്പനിയായ ഫേസ്ബുക്കുമായി ഉപഭോക്താക്കുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കുമെന്ന പുതിയ നയവുമായി ജനുവരിയിലാണ് വാട്സ്ആപ്പ് രംഗത്തുവരുന്നത്. നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ റദ്ദ് ചെയ്യുമെന്നും അറിയിച്ചിരുന്നു. ഫെബ്രുവരിയോടെ പുതിയ നയം നടപ്പില്‍ വരുത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.
ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് വാട്സ്ആപ്പിനെതിരെ ഉയര്‍ന്നത്. സ്വകാര്യതയ്ക്ക് പ്രാധാന്യം നല്കുന്ന സിഗ്നല്‍ എന്ന ആപ്പിന് ഇതേ തുടര്‍ന്ന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. വാട്സ്ആപ്പ് ഉപേക്ഷിച്ച് സിഗ്നലിലേക്ക് മാറൂ എന്നാവശ്യപ്പെട്ടുകൊണ്ട് ക്യാംപെയ്നുകളും ആരംഭിച്ചിരുന്നു. ടെലഗ്രാമിനും ഉപയോക്താക്കള്‍ കൂടിയിരുന്നു.

