തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനസംഘടനയ്ക്ക് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ തീരുമാനം. പുനസംഘടന സമയത്ത് നേതൃത്വവും മാറും. അഴിച്ചു പണിക്ക് വിശദമായ മാര്‍ഗരേഖ തയാറാക്കാനും 07/05/21 വെള്ളിയാഴ്ച ചേർന്ന രാഷ്ട്രീയ കാര്യ സമിതിയില്‍ തീരുമാനമായി. ഇതിനായി ലോക്ഡൗണിന് ശേഷം രണ്ടു ദിവസം നീളുന്ന രാഷ്ട്രീയ കാര്യസമിതി ചേരും. സമൂഹ മാധ്യമങ്ങളില്‍ പാര്‍ട്ടിയെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമാണെന്ന് വരുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നുമാണ് യോഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലയില്‍ ഉത്തരവാദിത്വം തനിക്കാണെന്നും അത് ഏറ്റെടുക്കുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം, പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാക്കരുതെന്നാണ് രമേശ് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ യോഗത്തില്‍ ചെന്നിത്തല പറഞ്ഞത്.
പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നാണ് രമേശ് ചെന്നിത്തല യോഗത്തിന് മുന്‍പാകെ അറിയിച്ചത്. പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് പറഞ്ഞ് ചിരിക്കാന്‍ ഇനിയും അവസരമുണ്ടാക്കരുത്. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബിജെപി അറിഞ്ഞു കൊണ്ട് എല്‍ഡിഎഫിന് വോട്ടു മറിച്ചു. 60 മണ്ഡലങ്ങളില്‍ എങ്ങനെ വന്നാലും എല്‍ഡിഎഫ് ജയിക്കുന്ന രീതിയിലാണ് മണ്ഡല പുനര്‍നിര്‍ണയം നടന്നതെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളെ വലയിലാക്കാന്‍ ആര്‍എസ്എസില്‍ നിന്നും വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ചെന്നിത്തല ആരോപിക്കുന്നുണ്ട്. ആര്‍എസ്എസ് തന്ത്രത്തിന് എതിരെ ജാഗ്രത വേണമെന്ന് നേതാക്കള്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്തു. തമ്മിലടിച്ചു ആര്‍.എസ്.എസ്സിന് മുതലെടുക്കാന്‍ അവസരം നല്‍കരുത് എന്ന കാര്യത്തിലും നേതാക്കള്‍ കെപിസിസി യോഗത്തില്‍ ഒറ്റക്കെട്ടായി ഉറച്ചുനിന്നു.

