കൊല്ലം: വിക്‌ടേഴ്സ് ഉള്‍പ്പടെ ടെലിവിഷന്‍ ചാനലുകള്‍ വഴി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി ഓണ്‍ലൈന്‍ ചികിത്സാ സേവനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ അറിയിച്ചു. തടസരഹിതമായി ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചുവരികയാണ്. തീപിടുത്തം പോലുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് എല്ലാ സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളിലും ഫയര്‍ ഓഡിറ്റ് കാര്യക്ഷമമായി നടത്തണം. സര്‍ക്കാര്‍ ഓഫീസുകളില്‍ അവശ്യസേവന മേഖലയിലുള്ള ജീവനക്കാര്‍ മാത്രം ഹാജരാകണം.
മാര്‍ക്കറ്റുകളിലും വ്യാപാരസ്ഥാപനങ്ങളിലും തിരക്ക് സൃഷ്ടിക്കരുത്. വ്യാപാരികളുമായി സഹകരിച്ച് അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന ഡോര്‍ ടു ഡോര്‍ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്തണം. സിറ്റി പൊലീസ് കമ്മീഷണര്‍ ടി. നാരായണന്‍, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യുസഫ്, എ. ഡി. എം. ടിറ്റി ആനി ജോര്‍ജ്ജ്, പുനലൂര്‍ ആര്‍.ഡി.ഒ ബി. ശശികുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.ശ്രീലത, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.