കെ സുധാകരനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ എജിയുടെ അനുമതി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ സുധാകരനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിന്റെ അനുമതി. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് സുധാകരന്‍ ഹൈക്കോടതിയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് നടപടി. ഷുഹൈബ് വധക്കേസില്‍ വിധിപറഞ്ഞ ജഡ്ജിയുടെ മനോനില തകരാറിലാണെന്ന് സുധാകരന്‍ വിമര്‍ശിച്ചിരുന്നു. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി വിധി മ്ലേച്ഛമാണെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.

2018 ലാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബ് കൊല്ലപ്പെടുന്നത്. 2019 ആഗസ്റ്റ് മാസത്തില്‍ ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ഇതിനെതിരായി കണ്ണൂരിലെ ഒരു പൊതുയോഗത്തില്‍ വെച്ചായിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം.

സുധാകരന്റെ പരാമര്‍ശങ്ങള്‍ അധിക്ഷേപകരമാണെന്നും കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടി സുധാകരനെതിരെ തുടർ നടപടി സ്വീകരിക്കാൻ അനുമതി തേടി അഡ്വ. ജനാർദ്ദന ഷേണായിയാണ് എജിയെ സമീപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →