വഡോദര: അന്താരാഷ്ട്ര ബോഡി ബിൽഡറും മിസ്റ്റർ ഇന്ത്യയുമായ ജഗദീഷ് ലാഡ് (34) കോവിഡ് ബാധിച്ച് മരിച്ചു. അഞ്ച് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഓക്സിജൻ സഹായത്തോടെ ആശുപത്രിയിൽ കഴിയവെ 30/04/21 വെള്ളിയാഴ്ചയാണ് മരണം.
നവി മുംബൈക്കാരനായ ഇദ്ദേഹം ഗുജറാത്തിലെ വഡോദരയിലായിരുന്നു താമസം. മൂന്ന് വർഷം മുമ്പ് ജിമ്മിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് ഇദ്ദേഹം നവി മുംബൈയിൽ നിന്ന് കുടുംബത്തോടൊപ്പം വഡോദരയിലേക്ക് മാറിയത്. ഇന്ത്യയ്ക്ക് വേണ്ടിയും മഹാരാഷ്ട്രയ്ക്ക് വേണ്ടിയും നിരവധി മത്സരങ്ങളിൽ പങ്കെടുത്തു.
ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും മിസ്റ്റർ ഇന്ത്യ മത്സരത്തിൽ സ്വർണ്ണ മെഡലും ലാഡ് നേടി. കൂടാതെ ‘ഭാരത് ശ്രീ’ കിരീടവും കരസ്ഥമാക്കിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തെ ബോഡി ബിൽഡിങ് മേഖലയ്ക്ക് തീരാനഷ്ടമാണെന്ന് കായിക രംഗത്തുള്ളവർ പറയുന്നു. മതിയായ ചികിത്സ ലഭിക്കാതെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത് എന്നും ആക്ഷേപമുണ്ട്

