ദില്ലി: ബിഗ് ബാസ്‌ക്കറ്റിന്റെ 63.4 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ടാറ്റാ ഡിജിറ്റലിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അനുവാദം ലഭിച്ചു. ഒന്നോ അതിലധികമോ ഘട്ടത്തിലൂടെയാവും മേല്‍നോട്ട ചുമതലയടക്കം ടാറ്റാ ഡിജിറ്റല്‍ ഏറ്റെടുക്കുക. ഇതോടെ ഇന്നൊവേറ്റീവ് റീടെയ്‌ല്‍ കണ്‍സെപ്‌റ്റ്‌സ് എന്ന ബിഗ് ബാസ്‌ക്കറ്റിനെ നയിക്കുന്ന കമ്പനിയുടെ നിയന്ത്രണം തന്നെ സൂപ്പര്‍മാര്‍ക്കറ്റ് ഗ്രോസറി സപ്ലൈസ് എന്ന കമ്പനിക്കാവും.
ഓണ്‍ലൈന്‍ ഗ്രോസറി മാര്‍ക്കറ്റില്‍ ഒന്നാം സ്ഥാനക്കാരാണ് ബിഗ്‌ബാസ്‌ക്കറ്റ് . ഒരു ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനം ഉണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ഇതോടെ ആമസോണ്‍ .റിലയന്‍സ്, ഫ്‌ളിപ്പ് കാര്‍ട്ട് തുടങ്ങിയ കമ്പനികളുമായി നേരിട്ട് കൊമ്പുകോര്‍ക്കാന്‍ ടാറ്റാ സണ്‍സിന് സാധിക്കും. ടാറ്റാ സണ്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുളള ടാറ്റാ ഡിജിറ്റല്‍ ലിമിറ്റഡാണ് ബിഗ്‌ബാസ്‌ക്കറ്റില്‍ നിക്ഷേപം നടത്തുന്നത്. കോവിഡ് 19 മഹാമാരി ഇന്ത്യയടക്കം ലോകത്തെമ്പാടും പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് പുതിയ ബിസിനസ് നീക്കത്തിലേക്ക് ടാറ്റാസണ്‍സിനെ എത്തിച്ചത്.

