ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ മരണമുനമ്പായി ഡൽഹി. രാജ്യതലസ്ഥാനത്ത് 29/04/21 വ്യാഴാഴ്ച വൈകിട്ട് അവസാനിച്ച 24 മണിക്കൂറിനിടെ 395 പേരാണ് കോവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്. ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയാണിത്.
മരണനിരക്ക് ഉയർന്നതോടെ ഡൽഹിയിലെ ശ്മശാനങ്ങൾക്ക് പുറത്ത് മൃതദേഹം ദഹിപ്പിക്കാനെത്തിയവരുടെ നീണ്ട നിരയാണ്. അടിയന്തരമായി കൂടുതൽ സൗകര്യമേർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ.
മധ്യ ഡൽഹിയിലെ ലോധി റോഡ് ശ്മശാനത്തിൽ ദിവസവും 75ഓളം മൃതദേഹങ്ങളാണ് സംസ്കരിക്കുന്നത്. നേരത്തേ ഇത് 15 മുതൽ 20 വരെയായിരുന്നു.
ഓക്സിജൻ ക്ഷാമമാണ് ഡൽഹി നേരിടുന്ന പ്രതിസന്ധിക്ക് കാരണം. മിക്ക ആശുപത്രികളിലും രോഗികളെകൊണ്ട് നിറഞ്ഞതോടെ ഓക്സിജൻ ക്ഷാമം രൂക്ഷമായി.
വ്യാഴാഴ്ച വൈകിട്ട് അവസാനിച്ച 24 മണിക്കൂറിനിടെ 24,235 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 33 ശതമാനമായി ഉയർന്നു. 97,977പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.

