കൊല്ലം: മന്ത്രവാദിയെന്ന വിശ്വസിപ്പിച്ച് നിരവധി സ്ത്രീകളെ കബളിപ്പിച്ച് പണം കവര്‍ന്നയാളിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം താന്നി സ്വദേശി ബലഭദ്രനാണ് അറസ്റ്റിലായത്. കൃഷിപ്പണിക്കായി വീടുകളിലെത്തുകയും സ്ത്രീകളുമായി ചങ്ങാത്തത്തിലാകുകയും ചെയ്ത് കുടുംബത്തിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാമെന്ന് വാഗ്ധാനം ചെയ്ത് തകിട് ജപിച്ചു നല്‍കി പണം തട്ടുകയാണ് ഇയാളുടെ പതിവ് രീതിയെന്ന് പോലീസ് പറയുന്നു.
പ്രേതബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വാങ്ങിയ ഒരുലക്ഷം രൂപ തിരിച്ചുചോദിക്കാനെത്തിയ പാരിപ്പളളിസ്വദേശിനിയായ യുവതിയുടെ അമ്മയെ കുത്തിവീഴ്ത്തിയ സംഭവത്തിലാണ് ബലഭദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്.2021 മാര്‍ച്ച് 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ അമ്മയുടെ പിതാവിന് പ്രേതബാധയുണ്ടെന്നും വീട്ടിലെ ബുദ്ധിമുട്ടുകള്‍ക്കു കാരണം ഇതാണെന്നും, അത് ഒഴിപ്പിക്കാനായി ചില പൂജകള്‍ ചെയ്യണമെന്നും പറഞ്ഞ് പലപ്പോഴായി ഒരുലക്ഷം രൂപ ബലഭദ്രന്‍ കൈപ്പറ്റുകയും ചെയ്തിരുന്നു.
തുടര്‍ന്ന് തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യുവതിയും മാതാവും ഭര്‍ത്താവും മാര്‍ച്ച് 29ന് താന്നിയിലെ ഇയാളുടെ വീട്ടിലെത്തി ബലഭദ്രനെ കണ്ടു . ഒരു പൂജകൂടി ചെയ്താല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ ഇയാള്‍ യുവതിയെ മാത്രം പൂജാമുറിയിലേക്ക് കയറ്റി കതകടച്ചു. എന്റെയും നിന്റെയും വിയര്‍പ്പുകള്‍ ഒന്നിച്ചാല്‍ എല്ലാ പ്രശ്‌നവും തീരുമെന്ന് പറഞ്ഞു . ഇത് കേട്ട യുവതി അവിടെനിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇത്കണ്ട് പിന്നാലെ എത്തിയ ബലഭദ്രനുമായി ഭര്‍ത്താവ് വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനിടെ കയ്യില്‍കരുതിയിരുന്ന കത്തിയെടുത്ത് യുവതിയുടെ അമ്മയെ കുത്തുകയുമായിരുന്നു.
ഗുരുതരാവസ്ഥയിലായ യുവതിയുടെ അമ്മ പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഈ സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബലഭദ്രനെ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. അതിനിടെ വെളിയത്തുളള ഇയാളുടെ രണ്ടാം ഭാര്യയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് അവിടെ എത്തിയപ്പോഴേക്കും കടന്നുകളഞ്ഞു. തുടര്‍ന്ന് മാവേലിക്കരയില്‍ ഉണ്ടെന്ന് വിവരം ലഭിക്കുകയും അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് തെക്കന്‍ കേരളത്തില്‍ പലഭാഗത്തായി അഞ്ച് ഭാര്യമാരുണ്ടെന്ന് പോലീസ് പറയുന്നു.
മാവേലിക്കര കൊല്ലക്കടവ് ഭാഗത്തുനിന്ന് ഇരവിപുരം ഇന്‍സ്‌പെക്ടര്‍ പിഎസ് ധര്‍മജിത് , എസ്‌ഐ മാരായ ദിപു, സൂരജ്, സത്യന്‍ സന്തോഷ്, അജിത് കുമാര്‍, എ എസ്ഐ ഷിബു പീറ്റര്‍, സിപിഒ വൈശാഖന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

