കൊച്ചി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലിരിക്കെ കണ്ണൂര്‍ സര്‍വകലാശാലയിലെ എച്ച.ആര്‍.ഡി സെന്ററില്‍ അസിസറ്റന്റ് പ്രൊഫസര്‍ നിയമനത്തിന് തിരക്കിട്ട് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തിയെന്നാരോപിച്ച് ഉദ്യോഗാര്‍ത്ഥിയായ ഡോ.എംപി ബിന്ദു നല്‍കിയ ഹര്‍ജിയില്‍ നിയമന നടപടി മെയ് 7 വരെ ഹൈക്കോടതി തടഞ്ഞു. ഇലക്ഷന്‍ കമ്മീഷന്റെ അനുമതി വാങ്ങാതെയാണ് ഇന്റര്‍വ്യൂവെന്നും യുജിസിയുടെ പൂര്‍ണ സാമ്പത്തിക സഹായമുളള സെന്ററിലെ നിയമനത്തിന് യുജിസിയുടെ അനുമതി വാങ്ങില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഈ തസ്തികയില്‍ സ്ഥിരം നിയമനത്തിന് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം യൂണിവേഴ്‌സിറ്റിക്ക് അനുമതി നല്‍കിയിരുന്നു. 2020 ജൂണ്‍ 29ന് വിജ്ഞാപനമിറക്കിയിരുന്നു. 30 പേരെ ഏപ്രില്‍ 16,17,തീയതികളില്‍ തിരക്കിട്ട് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തിയെന്നാണ് ആരോപണം. സര്‍വകലാശാലയുടെ വിശദീകരണം തേടിയ ഹൈക്കോടതി മെയ് 7ന് കേസ് വീണ്ടും പരിഗണിക്കും.
ഭരണകക്ഷി എംഎല്‍എ എ.എന്‍ ഷംസീറിന്‍റെ ഭാര്യപിഎം സഹലക്ക് നിയമനം നല്‍കാനാണ് തിരക്കിട്ടുളള ഇന്റര്‍വ്യു എന്നും അദ്ധ്യാപന -ഗവേഷണ പരിചയമോ, മെറിറ്റോ കണക്കിലെടുക്കാതെ ഇന്‍റര്‍വ്യൂവിലെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ നിയമനം നടത്തുമോയെന്ന് ആശങ്കയുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കൂടാതെ നിയമനങ്ങളില്‍ സംവരണം പാലിക്കാന്‍ വിവിധ വകുപ്പുകളിലെ ഒരേ തസ്തികകളിലുളള ഒഴിവുകള്‍ ഒന്നിച്ച് പരിഗണിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. ഈ വ്യവസ്ഥ പാലിച്ചാല്‍ ഒരൊഴിവ് മാത്രമുളള തസ്തികയില്‍ സംവരണ വിഭാഗത്തിലുളള ഉദ്യോഗാര്‍ത്ഥിയെ നിയമിക്കേണ്ടിവരും. ഈ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ എംഎല്‍യുടെ ഭാര്യക്ക് നിയമനം നല്‍കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവസ്യപ്പെട്ടു.

