ന്യൂ ഡല്‍ഹി: ഡെല്‍ഹി സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് ഹൈക്കോടതി. കോവിഡ് ചികിത്സക്കായി ജഡ്ജിമാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ കോവിഡ് ചികിത്സാ സൗകര്യം ഒരുക്കിയ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ് അടിയന്തിരമായി പിന് വലിക്കണമെന്ന് ഡെല്‍ഹി ഹൈക്കോടതി. കോവിഡ് ചികിത്സക്കായി സാധാരണ ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ ജഡ്ജിമാര്‍ക്കായി പഞ്ചനക്ഷത്ര ഹോട്ടല്‍ ഏറ്റെടുത്ത് 100 കിടക്കകളുളള കോവിഡ് കെയര്‍ സൗകര്യമൊരുക്കാന്‍ എപ്പോഴാണ് ആവശ്യപ്പെട്ടതെന്നും, കോടതിയെ പ്രീണിപ്പിക്കാനാണോ ഇങ്ങനെ ചെയ്തതെന്നും ജസ്റ്റീസ്മാരായ വിപിന്‍ സംഖി, രേഖപാലി എന്നിവരടങ്ങിയ ബെഞ്ച് ഡല്‍ഹി സര്‍ക്കാരിനോട് ചോദിച്ചു.
ജഡ്ജിമാരുടെ ചികിത്സക്ക് പ്രത്യേക സൗകര്യമൊരുക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടെന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ ഇത് കാരണമായെന്നും ഇത്തരം ഒരു സൗകര്യം ആവശ്യപ്പെട്ടില്ലന്നും കോടതി പറഞ്ഞു. ജനങ്ങള്‍ക്ക് ആശുപത്രിയില്‍ പ്രവേശിക്കാന്‍ കഴിയാത്തപ്പോള്‍ ആഢംബര ഹോട്ടലില്‍ ജഡ്ജിമാര്‍ക്ക് സൗകര്യം വേണമെന്ന് ആവശ്യപ്പെടുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. ആളുകള്‍ റോഡില്‍ മരിക്കുമ്പോള്‍ ഞങ്ങള്‍ ഇങ്ങനെ ഒരു താല്‍പ്പര്യം കാണിക്കുമെന്ന് ചിന്തിക്കാന്‍പോലും കഴിയാത്തതാണ് ആയതിനാല്‍ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണം. അല്ലെങ്കില്‍ ഞങ്ങള്‍ റദ്ദാക്കും ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ അശോക ഹോട്ടല്‍ ഏറ്റെടുത്ത് ജഡ്ജിമാര്‍ക്കും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി 100 കിടക്കകളുളള കോവിഡ് കെയര്‍ സെന്ററായി മാറ്റാന്‍ ചാണക്യപുരി എസ്ഡിഎം ഗീത ഗ്രോവര്‍ ഉത്തരവിറക്കിയത്. ഇതിന്റെ നടത്തിപ്പ് ചുമതല സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായ പ്രിമസിന് നല്‍കുകയും ചെയ്തു.
ദേശീയ തലസ്ഥാനത്ത് ഓക്സിജന്‍ കിട്ടാതെയും ആശുപത്രിയില്‍ പ്രവേശിക്കാനാകാതെയും കോവിഡ് രോഗികള്‍ മരിക്കുന്നതിനിടെ ജഡ്ജിമാര്‍ക്ക് ആഢംബര ഹോട്ടലില്‍ ചികിത്സാ സൗകര്യമൊരുക്കിയതില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഏതെങ്കിലും ഒരു വിഭാഗത്തിനായി പ്രത്യേക സൗകര്യം ഒരുക്കുന്നത് വിവേചനപരമാണ്. ഇതുപോലൊരു ഉത്തരവിറക്കി വിവാദത്തിന് വഴിയൊരുക്കി തങ്ങളെക്കുറിച്ച് സമൂഹത്തില്‍ തെറ്റായ ധാരണ ഉണ്ടാക്കാനിടയാക്കിയതായും തങ്ങള്‍ ആകെ നിര്‍ദ്ദേശിച്ചത് ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്കും ജഡ്ജിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് ബാധയുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ചികിത്സ ഉറപ്പാക്കണമെന്നു മാത്രമാണ് ഇപ്പോള്‍തന്നെ രണ്ട് ജുഡീഷ്യല്‍ ഓഫീസര്‍മാരെ നമുക്ക് നഷ്ടമായി ബെഞ്ച് വ്യക്തമാക്കി.
കോടതിയെ മോശക്കാരാക്കാന്‍ ഉദ്ദേശിച്ചല്ലെന്നും മാദ്ധ്യമങ്ങളാണ് തെറ്റായ ധാരണ പരത്തിയതെന്നും ഡെല്‍ഹി സര്‍ക്കാര്‍ പറഞ്ഞു. നിരവധി ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കി മാറ്റിയട്ടുണ്ടെന്നും വിശദീകരിച്ചു. എന്നാല്‍ മാദ്ധ്യമങ്ങളല്ല നിങ്ങളുടെ ഉത്തരവുകളാണ് തെറ്റെന്ന് കോട്തി തിരിച്ചടിച്ചു. വ്യാഴാഴ്ച വിഷയം വീണ്ടും പരിഗണിക്കും.
സംസ്ഥാനത്ത ഓക്സിജനും മരുന്നുകളും കരിഞ്ചന്തയില്‍ സുലഭമാണെന്ന കാര്യം സര്‍ക്കാരിന് അറിയാമോ എന്ന് ജസ്റ്റീസ് മാരായ വിപിന്‍ സംഖിയും രേഖപാലിയും അടങ്ങിയ ബെഞ്ച് ചോദിച്ചു. ഇത് മനുഷ്യത്തപരമായ കാര്യമല്ല. കഴുകന്മാരാകേണ്ട സമയമല്ലിത്. സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനാകാത്തത് വലിയ പ്രതിസന്ധിയാണ്. സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് കരിഞ്ചന്തക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഡല്‍ഹി മഹാരാജ ആശുപത്രിലേക്ക് കൊണ്ടുവന്ന 20 ടണ്‍ ഓക്സിജന്‍ നല്കാന് കഴിയുന്നില്ലെന്ന് വിതരണ കമ്പനിയായ സേഠ് എയര്‍ അറിയിച്ചു.
ഡെല്ഹിക്കുളള വിഹിതം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ലെന്നും 20 ടണ്‍ എത്തിയിട്ടും നല്കാന് കഴിയാത്ത സാഹചര്യം ഇപ്പോഴാണ് മനസിലായതെന്നും കോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹി സര്‍ക്കാര്‍ പറയുന്നു ഓക്സിജന്‍ കിട്ടാനില്ലെന്ന്. ഇവിടെ ഒരാള്‍ പറയുന്നു 20 ടണ്‍ ഓക്സിജന്‍ വിതരണം ചെയ്യാന്‍ കഴിയുന്നില്ലെന്ന് സര്‍ക്കാരിന്റെ അനാസ്ഥ ആവശ്യത്തിലേറെയായി. ഡല്‍ഹി സര്‍ക്കാരിന് ചെയ്യാന്കഴിയുന്നില്ലെങ്കില് കേന്ദ്ര സര്‍ക്കാരിനോട് ഏറ്റെടുക്കാന്‍ പറയാം. ഓക്സിജന്‍ വിതരണക്കാര്‍ കൃത്യമായി വിവരം വെബ്സൈറ്റില്‍ നല്കുന്നില്ലെങ്കില് കര്‍ശന നടപടിയെടുക്കാനും കോടതി നിര്‍ദ്ദേശിച്ചു.

