മലമ്പുഴ: മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണില്‍ എണ്ണായിരത്തില്‍ അധികം കേസുകളാണ് തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്. ജഡ്ജി ഇല്ലാത്തതാണ് കാരണം. 2020 നവംബര്‍ 8 മുതല്‍ ഇവിടെ ജഡ്ജി ഇല്ലാത്തത് കോടതി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. 6,000 ഓപികളും,1500 ഐഎകളും 500 ലധികം ഇപി ഹര്‍ജികളും കെട്ടിക്കിടക്കുകയാണ്.
2020 ജനുവരി മുതല്‍ ആലത്തൂര്‍,ചിറ്റൂര്‍ എംഎസിടി ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നില്ല. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ചിറ്റൂര്‍ താലൂക്കിലെ ജനങ്ങള്‍ക്ക് കോടതിക്കാര്യങ്ങള്ക്കായി പാലക്കാട് വരുന്നത് ഏറെ ബുദ്ധിമുട്ടാണ്. ആലത്തൂര്‍ താലൂക്ക് നിവാസികളുടെ അവസ്ഥയും ഇതുതന്നെയാണ്. .നിരവധി കേസുകളാണ് തീര്‍പ്പാകാതെ കിടക്കുന്നത്.
പുതിയ ജഡ്ജിയെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. കേസുകള്‍ തീര്‍പ്പാക്കാന്‍ ഓണ്‍ലൈന്‍ സിറ്റിംഗ് നടത്തണമെന്നും ആവശ്യമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി തേങ്കുറിശി സ്വദേശി അഡ്വ എന്‍ അഭിലാഷ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഹര്‍ജി നല്കി.

