ആലപ്പുഴ: കോവിഡ് 19 രോഗവ്യാപനം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഹോമിയോപ്പതി വകുപ്പിന്റെ ദ്രുത കര്‍മ്മ സാംക്രമിക രോഗ നിയന്ത്രണ സെല്‍ (റീച്ച്) രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, റീച്ച് പദ്ധതിയെക്കുറിച്ചും വകുപ്പിലെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഓണ്‍ലൈന്‍ പരിശീലനം നല്‍കി. ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനേജര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
ചികിത്സക്കായെത്തുന്നവരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ ഇത് സഹായിക്കും. കോവിഡ് അനുബന്ധ ജോലികള്‍ കാരണം ഡിസ്‌പെന്‍സറികളില്‍ ഡ്യൂട്ടിക്ക് ഡോക്ടര്‍മാര്‍ ഇല്ലാത്തപ്പോഴും ഇവിടെയെത്തുന്ന രോഗികള്‍ക്ക് ജീവനക്കാരുടെ സഹായത്തോടെ വീഡിയോ കോള്‍ മുഖേന തടസ്സരഹിത ചികിത്സ ലഭ്യമാക്കുന്നതിനായുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ മറ്റ് രോഗ പ്രതിരോധ സംവിധാനങ്ങളോടൊപ്പം, കേന്ദ്ര ആയുഷ് മന്ത്രാലയവും സംസ്ഥാന ഹോമിയോപ്പതി വകുപ്പും നിര്‍ദ്ദേശിച്ചിട്ടുള്ള ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ നിന്നും സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. സ്ട്രിപ്പ് രൂപത്തിലുള്ള ഈ ഗുളിക മുതിര്‍ന്നവര്‍ ഒരെണ്ണവും കുട്ടികള്‍ പകുതിയും വീതം രാവിലെ വെറും വയറ്റില്‍ തുടര്‍ച്ചയായി മൂന്ന് ദിവസമാണ് കഴിക്കേണ്ടത്. രോഗവ്യാപന സാദ്ധ്യത തീരുന്നതുവരെ എല്ലാ മാസവും ഇത് ആവര്‍ത്തിക്കാവുന്നതാണ്.
ഹോമിയോപ്പതി വകുപ്പിലെ പ്രത്യേക ചികിത്സാ പദ്ധതികളായ വന്ധ്യതാ നിവാരണ ക്ലിനിക്ക്, സ്ത്രീകളുടെ ശാരീരിക മാനസിക വൈകാരിക ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള സീതാലയം, കുട്ടികളുടെയും കൗമാരക്കാരുടെയും പഠന സ്വഭാവ വൈകല്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള സദ്ഗമയ, കിടപ്പ് രോഗികള്‍ക്ക് ഗൃഹസന്ദര്‍ശനം നടത്തി ചികിത്സാ സേവനം നല്‍കുന്ന സാന്ത്വന ചികിത്സാ കേന്ദ്രം, ലഹരി വിമോചന ക്ലിനിക്കായ പുനര്‍ജനി, വയോജന ക്ലിനിക്ക് എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജലാശയത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ചികിത്സാ സേവനം നല്‍കുന്ന മൂന്ന് ഫ്‌ളോട്ടിംഗ് ഹോമിയോപ്പതി ഡിസ്‌പെന്‍സറികള്‍ വിവിധ ഉള്‍നാടന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നുണ്ട്.
ഹോമിയോപ്പതി, യോഗാ, പ്രകൃതിചികിത്സാ മാര്‍ഗ്ഗങ്ങള്‍ സമന്വയിപ്പിച്ചു ജീവിതശൈലീ രോഗ നിയന്ത്രണ പ്രതിരോധ ചികിത്സ നല്‍കുന്ന ആയുഷ്മാന്‍ ഭവ ക്ലിനിക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു ചേര്‍ത്തല സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലും പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡാനന്തര ബുദ്ധിമുട്ടുകള്‍ക്കുള്ള ഹോമിയോപ്പതി ചികിത്സ ജില്ലയിലെ തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഇത് എല്ലാ സ്ഥാപനങ്ങളിലും ആരംഭിക്കുന്നതാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപ്പതി) അറിയിച്ചു.