ആലപ്പുഴ: ആള്‍ക്കൂട്ടവും അടച്ചിട്ട മുറികളും അടുത്തിടപഴകുന്നതും കോവിഡ് രോഗവ്യാപനം ഉണ്ടാക്കും. രോഗമുള്ളയാള്‍ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തുവരുന്ന കണികകള്‍ വായുവില്‍ തങ്ങി നില്‍ക്കും. ശരിയായി മാസ്‌ക് ധരിക്കാതിരിക്കുമ്പോഴും രോഗാണു തങ്ങി നില്‍ക്കുന്ന മുറികളില്‍ കൂടുതല്‍ സമയം ചെലവിടുന്നതിലൂടെയും രോഗം പിടിപെടും. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും ഭൂരിപക്ഷം ആളുകള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനായി കടകളില്‍ പോകേണ്ടിവരും. കടകളില്‍ ചെലവിടുന്ന സമയം കുറയ്ക്കാനായി മുന്‍കൂട്ടി തയ്യാറാക്കിയ ലിസ്റ്റുമായി കടയില്‍ പോവുക. ഒരാഴ്ചത്തേയ്ക്കുള്ള അവശ്യസാധനങ്ങള്‍ കഴിയുമെങ്കില്‍ ഒരുമിച്ചു വാങ്ങണം. വീടിന് എറ്റവുമടുത്തുള്ള കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങണം.