കന്യാകുമാരി ജില്ലയില്‍ നിന്നുളള 11 മത്സ്യ തൊഴിലാളികളെ കടലില്‍ കാണാതായി

നാഗര്‍കോവില്‍ : കന്യാകുമാരി ജില്ലയിലെ തേങ്ങാപട്ടണം തുറമുഖത്തുനിന്ന്‌ മത്സ്യ ബന്ധനത്തിന്‌ പോയ 11 മത്സ്യ തൊഴിലാഴികളെ കടലില്‍ കാണാതായി. വളളവിള സ്വദേശികളായ കൈരാസന്റെ മകന്‍ ജോസഫ്‌ ഫ്രാങ്ക്‌ളിന്‍, ലിബര്‍ത്തോസിന്റെ മക്കളായ ജോണ്‍ , ജെനിസ്‌റ്റോണ്‍, പീറ്ററിന്റെ മകന്‍ സുരേഷ്‌, ജോസഫിന്റെ മകന്‍ ജെബീഷ്‌, ലൂയിസിന്റെ മകന്‍ വിജീഷ്‌, രാജുവിന്റെ മകന്‍ സേട്രിക്ക്‌, സിലുവായുടെ മകന്‍ ഫ്രെഡി, ജെറോമിന്റെ മകന്‍ ജഗന്‍, പാക്കിയത്തിന്റെ മകന്‍ യേശുദാസന്‍ മുത്തപ്പന്റെ മകന്‍ മാല്‍വിന്‍ എന്നിവരെ ആണ് കാണാതായത്‌. ഇവര്‍ സഞ്ചരിച്ച ബോട്ടിന്റ ഭാഗങ്ങൾ ഗോവന്‍ തീരത്ത്‌ കണ്ടെത്തിയിട്ടുണ്ട്‌. ബോട്ടിനൊപ്പമുണ്ടായിരുന്ന രണ്ടു ചെറുവളളങ്ങളിലൊന്ന്‌ ആളൊഴിഞ്ഞ രീതിയില്‍ കണ്ടെത്തിയിട്ടുണ്ട്‌.

2021 ഏപ്രില്‍ മാസം 9നാണ്‌ ഇവര്‍ തേങ്ങാപട്ടണം തുറമുഖത്തുനിന്ന്‌ മത്സ്യ ബന്ധനത്തിനായി കടലില്‍ പോയത്‌. ഐഎന്‍ഡിടി എന്‍എംഎം 4775 എന്ന രജിസ്‌ട്രേഷനുളള ബോട്ടിലാണ്‌ പോയത്‌. ജോസഫ്‌ ഫ്രാങ്ക്‌ളിന്റെ ഉടമസ്ഥതയിലുളള ബോട്ടുമായി മറ്റു ബോട്ടുകളിലെ തൊഴിലാളികള്‍ വെളളിയാഴ്‌ച ബന്ധപ്പെട്ടിരുന്നു. ശനിയാഴ്‌ച ഉച്ചയോടെ ബോട്ടിന്റെ അവശിഷ്ടങ്ങള്‍ ഗോവയുടെ തീരപ്രദേശത്തുവച്ച് മറ്റ്‌ ബോട്ടുകളുടെ ശ്രദ്ധയില്‍ പെട്ടു. ഇവരാണ്‌ ഈ വിവരം പുറം ലോകത്തെ അറിയിച്ചത്‌. വിവരം ലഭിച്ച ബന്ധുക്കള്‍ തമിഴ്‌നാട്‌ സര്‍ക്കാരിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ കോസ്‌റ്റ്‌ ഗാര്‍ഡ്‌ കപ്പലായ സമുദ്ര പ്രേരിയും ,ഇന്ത്യന്‍ നേവല്‍ എയര്‍ക്രാഫ്‌റ്റ്‌ ഐഎല്ലും തെരച്ചില്‍ ആരംഭിച്ചു. രാത്രിയിലും വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല .ബന്ധുക്കള്‍ ആശങ്കയിലാണ്‌.

തുടര്‍ന്ന്‌ നാവിക സേനയും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്‌. . മുംബൈയില്‍ നിന്ന് നേവിയുടെ വിമാനവും, തീരസംരക്ഷണ സേനയുടെ കപ്പലുമാണ്‌ തെ രച്ചിലിനായി പുറപ്പെട്ടിട്ടുളളത്‌. കൊച്ചിന്‍ നേവല്‍ ബേസിലെ ജോയിന്റ്‌ ഓപ്പറേഷന്‍സ്‌ സെന്റര്‍,കോസറ്റ്‌ ഗാര്‍ഡ്‌, കോസ്‌റ്റല്‍ പോലീസ്‌ എന്നിവര്‍ക്ക്‌ പരാതി നല്‍കി. മത്സ്യ തൊഴിലാളികളുടെ പത്തു ബോട്ടുകളും തെരച്ചിലിനുണ്ട്‌. കപ്പലിടിച്ചാണ്‌ ബോട്ട്‌ തകര്‍ന്നതെന്ന്‌ തകര്‍ന്ന് ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ട മറ്റ്‌ മത്സ്യ തൊഴിലാളികള്‍ പറഞ്ഞു. കാണാതായ മത്സ്യ തൊഴിലാളികളെ കണ്ടെത്താന്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും അടിയന്തിരമായി ഇടപെടണമെന്ന്‌ തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് പി.സ്റ്റെല്ലസ്‌ ആവശ്യപെട്ടു. അപകടം ശനിയാഴ്‌ച നടന്നതാണ്. ഇതുവരെയും കാണാതയാവരെപ്പറ്റി വിവരം ലഭിച്ചിട്ടില്ല. തീരത്തുനിന്നും 600 നോട്ടിക്കല്‍ മൈല്‍ അകലെയായതിനാല്‍ നേവിയുടെ സഹായം ഉറപ്പുവരുത്തേണ്ടതുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →