മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ യുപി ജയിലിൽ കട്ടിലിൽ ചങ്ങലയ്ക്കിട്ടിരിക്കുകയാണെന്ന് ഭാര്യ റെഹാന സിദ്ദീഖിന്റെ കുറിപ്പ്

കോഴിക്കോട്: യു.പിയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ആരോഗ്യനില കൊവിഡ് ബാധിച്ചതിന് പിന്നാലെ അപകടത്തിലായെന്ന് ഭാര്യ റൈഹാന സിദ്ദീഖ്. ഹോസ്പിറ്റലില്‍ നിന്നും സിദ്ദീഖ് കാപ്പന്‍ എങ്ങനെയോ 24/04/21 ശനിയാഴ്ച രണ്ട് മിനിറ്റ് തന്നോട് സംസാരിച്ചതായി റൈഹാന സിദ്ദീഖ് പറഞ്ഞു.

ജയിലില്‍ നിന്നും വീണ വീഴ്ചയില്‍ താടിയെല്ലിനു പൊട്ടോ, അല്ലെങ്കില്‍ കാര്യമായ മുറിവോ ഉണ്ട്. മുഖം വേദനിച്ചിട്ട് ഭക്ഷണം ഒന്നും കഴിക്കാന്‍ പറ്റില്ല, കട്ടിലുമായി ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നത് കൊണ്ട് ടോയ്‌ലറ്റില്‍ പോകാന്‍ പോലും സാധിക്കുന്നില്ലെന്നും കാപ്പന്‍ പറഞ്ഞതായി റൈഹാന ഫേസ്ബുക്കിലൂടെ അറിയച്ചു.

‘കരുണ വറ്റാത്ത മനുഷ്യത്വം ബാക്കിയുള്ള മനുഷ്യരെ… ഭരണ കൂടമേ.. പ്രതിപക്ഷ പാര്‍ട്ടിയിലുള്ളവരെ..
നാനാ വിധ മത സംഘടനകളെ.. സാംസ്‌കാരിക പ്രവര്‍ത്തകരെ.. ഒന്ന് കണ്ണ് തുറക്കുമോ.. ഒരു പെണ്ണിന്റെ അപേക്ഷയാണ്. എന്റെ പ്രിയപ്പെട്ടവന്‍ ഇന്നനുഭവിക്കുന്ന യാതനകള്‍ എന്തിന്റെ പേരിലാണ്..?
അദ്ദേഹത്തിന്റെ പേരില്‍ എന്തെങ്കിലും ഒരു പെറ്റികേസ് പോലും ഇത് വരെ ഉണ്ടായിട്ടില്ല.
ഒരു പാവം മനുഷ്യനെ കൊല്ലാകൊല ചെയ്ത് നിങ്ങള്‍ പൊട്ടിച്ചിരിക്കു… കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും. പത്തിലേറെ ദിവസമായി അദ്ദേഹത്തിന് പനി ആണ്. ഭക്ഷണത്തിന്റെ കുറവും പനിയും എല്ലാം കൂട് അദ്ദേഹത്തെ തളര്‍ത്തിയാണ് ബാത്റൂമില് പുറത്ത് കുഴഞ്ഞു വീണത്.. ഷുഗറും കൊളസ്‌ട്രോള്‍ ഒക്കെ കൂടുതല്‍ ഉള്ള ഇമ്മ്യൂണിറ്റി കുറഞ്ഞു നില്‍ക്കുന്ന ഒരു കൊവിഡ് രോഗിയുടെ അവസ്ഥ എന്തായിരിക്കും.. ‘ റൈഹാന സിദ്ദീഖ് പറഞ്ഞു.

ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബര്‍ ഏഴിന് സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയായിരുന്നു. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →